Connect with us

Editorial

വീണ്ടും ഇറാന്‍

Published

|

Last Updated

ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ സന്നദ്ധതയറിയിക്കുകയും കൊറിയന്‍ ദ്വീപ് യുദ്ധവിരാമത്തിന്റെ പാതയില്‍ ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തത് ലോകത്തിന് ചെറുതല്ലാത്ത ആശ്വാസമാണ് സമ്മാനിച്ചത്. എന്നാല്‍ യുദ്ധോത്സുകതയും വംശീയ വിഭജനവും ശാക്തിക ചേരികളുടെ സൃഷ്ടിപ്പും സാമ്രാജ്യത്വ ശക്തികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്ന സന്ദേശമാണ് അമേരിക്ക നല്‍കുന്നത്. ബരാക് ഒബാമ യു എസ് പ്രസിഡന്റായിരുന്നപ്പോള്‍ ആറ് രാഷ്ട്ര സംഘം ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്നാണ് ഇപ്പോഴത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കരാര്‍ പൊളിച്ചെഴുതണമെന്നും ഈ മാസം തന്നെ മികച്ചതൊന്ന് തന്റെ മുമ്പിലെത്തിയില്ലെങ്കില്‍ കരാര്‍ ഇല്ലാതാകുമെന്നുമാണ് ട്രംപ് പറയുന്നത്. നടക്കാത്ത ആവശ്യങ്ങള്‍ വെച്ച് വിലങ്ങുതടിയിടുകയാണ് അദ്ദേഹം. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന്റെ പ്രശ്‌നമല്ല. ഇസ്‌റാഈലും അറബ് രാജ്യങ്ങളും റഷ്യയും ചൈനയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ തലം ഈ തീരുമാനത്തിനുണ്ട്. അതുകൊണ്ടാണ് കരാര്‍ റദ്ദാക്കരുതെന്ന് യു എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമെന്ന നിലയിലാണ് 2015ലെ ആണവ കരാര്‍ ലോകം ആഘോഷിച്ചത്. ഇറാന്റെ ആണവ പദ്ധതികളില്‍ വന്‍ വെട്ടിക്കുറവ് വരുത്തുന്നതിന് അമേരിക്ക, യു കെ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നിവയുമായി ധാരണയിലെത്തുകയായിരുന്നു. പകരം ആ രാജ്യത്തിനെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കും. അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ സഊദിയുടെയും ഇസ്‌റാഈലിന്റെയും അമേരിക്കയിലെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെയും രൂക്ഷമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ബരാക് ഒബാമ ആണവ കരാര്‍ സാധ്യമാക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇറാനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ കൂടുതല്‍ ഫലവത്താകൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

തങ്ങളുടെ ആണവ പദ്ധതികള്‍ ആയുധ നിര്‍മാണത്തിനോ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചോ അല്ലെന്നും ഊര്‍ജ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. യു എന്‍ ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനകളിലൊന്നും അവിടെ ആണവായുധം നിര്‍മിക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരി ചെയ്തത്. ആണവ പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയ ഇറാന്‍ പാതി വഴിയില്‍ എല്ലാം ഉപേക്ഷിക്കുന്നത് അടിയറവ് പറയലാണെന്ന് അന്ന് വിലയിരുത്തപ്പെട്ടതാണ്.

എന്നാല്‍, ഇറാന്‍ കണ്ടത് മറ്റൊരു വശമായിരുന്നു. ആണവായുധ നിര്‍മാണശേഷി കൈവരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആ മേഖല അല്‍പ്പകാലം മരവിപ്പിച്ചു നിര്‍ത്തിയാലും, അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തോടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കരാര്‍ സഹായിക്കുകയും ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ട 80 ബില്യണ്‍ ഡോളര്‍ തിരിച്ചു കിട്ടുകയും ചെയ്യുമെന്ന് ഇറാന്‍ കണക്ക് കൂട്ടി. ഉപരോധം എണ്ണ കയറ്റുമതിയില്‍ വരുത്തിയ കുറവ് പരിഹരിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഉണര്‍വും കൈവരും. ഈ പ്രതീക്ഷകള്‍ അര്‍ഥവത്തായിരുന്നുവെന്നാണ് ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയ പിന്‍മാറ്റം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഒരു തരത്തിലുള്ള ഇളവും ഇറാന്‍ അര്‍ഹിക്കുന്നില്ലെന്നും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും തീരുമാനിക്കുമ്പോള്‍ ഇസ്‌റാഈലുമായുള്ള ധാരണയാണ് ട്രംപ് പാലിക്കുന്നത്. ഒപ്പം വംശീയ രാഷ്ട്രീയത്തില്‍ കൃത്യമായ പക്ഷം ചേരലും നടത്തുന്നു. ഇറാന്റെ ഭാഗത്ത് നിന്ന് കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്നും അവര്‍ രഹസ്യമായി ആണവ പരിപാടി തുടരുന്നുണ്ടെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. ഇതിന് മൊസാദ് തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞത്. പഴയ ഏതോ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് കള്ളത്തരം പ്രചരിപ്പിക്കുന്ന നെതന്യാഹുവിനെ മാധ്യമങ്ങള്‍ കൈയോടെ പിടികൂടിയിരുന്നു. അന്തിമ കരാറില്‍ അന്ന് ഒപ്പുവെച്ച ഇ യു നയമേധാവി ഫെഡറികാ മൊഗേരിനി തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഇറാന്‍ ഒരു ലംഘനവും നടത്തിയിട്ടില്ല. യു എസിന് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാനുമാകില്ല എന്നാണ് ഇയു മേധാവി വ്യക്തമാക്കിയത്.

സത്യത്തില്‍ ട്രംപിന്റെ നയം കൂടുതല്‍ അപകടകാരിയായ ഇറാനെയാകും സൃഷ്ടിക്കുക. മുഖ്യധാരയില്‍ നിന്ന് അകലുന്ന ഇറാന്‍ ആണവശാക്തീകരണത്തിന് ശ്രമിക്കുക തന്നെ ചെയ്യും. കരാര്‍ പാലിച്ചു കൊണ്ട് ആണവ നിര്‍വ്യാപനത്തില്‍ ഇറാന്‍ അല്‍പ്പ ദൂരം സഞ്ചരിച്ചെങ്കിലും അതിന്റ ആണവ ശേഷി പൂര്‍ണമായി അവസാനിച്ചിട്ടില്ല. യുദ്ധഭീതി ഒഴിയുന്നില്ല എന്ന് വേണം ആത്യന്തികമായി വിലയിരുത്താന്‍. ആണവ കരാര്‍ അസ്തമിക്കുന്നതോടെ എണ്ണ വിപണിയില്‍ വിലക്കയറ്റം ഉറപ്പാണ്. അമേരിക്കയെ തന്നെയാകും ഇത് കൂടുതല്‍ ബാധിക്കുക. മുമ്പുള്ള എന്തിനേയും പൊളിച്ചെഴുതുകയെന്ന ശാഠ്യം മുറുകെപ്പിടിക്കുന്ന ട്രംപില്‍ നിന്ന് പ്രതീക്ഷിച്ച നയം തന്നെയാണ് ഇത്. പ്രചാരണ ഘട്ടത്തില്‍ തന്നെ അദ്ദേഹമത് പ്രഖ്യാപിച്ചതുമാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ മറ്റൊരു ആവിഷ്‌കാരമായി മാത്രമേ ഇതിനെ കാണാനാകൂ. ഈ എടുത്തു ചാട്ടത്തില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനുള്ള ബാധ്യത ലോക സമൂഹത്തിനും യു എന്നിനുമുണ്ട്.

---- facebook comment plugin here -----

Latest