അശോകഹാളിലെ മുന്നറിയിപ്പ്

പരിഹാസ്യമെന്ന് തോന്നുമെങ്കിലും ഗൗരവം കുറഞ്ഞ സംഗതിയല്ല ദേശീയ പുരസ്‌കാര വിതരണ വേദിയിലുണ്ടായത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിലോമ സ്വഭാവമുള്ള മാറ്റങ്ങളുടെ മറ്റൊരു മുഖമാണ് അരങ്ങേറിയത്. ആ സംഗതിക്ക് വിധേയപ്പെടാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനായിരുന്നു, പഴയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ എന്ന നിലക്കല്ല. സമ്പൂര്‍ണാധികാരിയുടെ മുന്നില്‍ ഭയത്തോടെ കൈകൂപ്പുന്ന പടയാളിയെപ്പോലെ. കേന്ദ്ര സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന റബര്‍ സ്റ്റാമ്പിന്റെ സ്ഥാനമേ രാഷ്ട്രപതിക്കൂള്ളൂവെന്ന്, രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നവര്‍ക്ക് അറിയാം. എങ്കിലും ആ സ്റ്റാമ്പിന് വിലകൊടുക്കാറുണ്ട്, ജനങ്ങളുടെ ഹിതം ആര്‍ജിച്ച് അധികാരത്തിലെത്തുന്ന പരമാധികാരികള്‍.
Posted on: May 7, 2018 6:00 am | Last updated: May 6, 2018 at 10:53 pm

ക്രമമനുസരിച്ചാണെങ്കില്‍ 2019 മെയ് രണ്ടാം വാരത്തിന് ശേഷം പട്ടാഭിഷേകം നടക്കണം. കാലം ഇവ്വിധം തുടര്‍ന്നാല്‍ സര്‍വാധികാര്യക്കാര്‍ മാറാനുള്ള സാധ്യത ഏറെയാണ്. സര്‍വാധികാര്യക്കാര്‍ ഏത് പക്ഷത്തുനിന്നായാലും സഹകാര്യക്കാരും ഉപകാര്യക്കാരുമൊക്കെയായി എണ്ണം എഴുപതോളം വരും. എല്ലാവരും ഒന്നാം നമ്പറുകാരന്‍ മുമ്പാകെ പ്രതിജ്ഞയെടുക്കണം. അലങ്കരിച്ച, അശോക ഹാളില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍, വരിഷ്ഠ വ്യക്തികളെ സാക്ഷിയാക്കി എന്നൊക്കെ രേഖപ്പെടുത്തപ്പെടുന്ന മുഹൂര്‍ത്തം. അടുത്തകുറി ഒരു കൗതുകമുണ്ടാകും. ദിവസമൊന്നുക്ക് 11 പേര്‍ക്കേ പ്രതിജ്ഞയുണ്ടാകൂ. അതാണ് പുതിയ തീരുമാനം. ഏത് ചടങ്ങായാലും ദൈര്‍ഘ്യം ഒരു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ശിഷ്ട സമയം സപ്രമഞ്ജക്കട്ടിലില്‍ സുഷുപ്തി. ചടങ്ങിന്റെ ദൈര്‍ഘ്യമെന്നാല്‍ പങ്കെടുക്കുന്ന സമയമെന്നേ അര്‍ഥമുള്ളൂ. അതില്‍ വ്യക്തികളെ ആദരിക്കല്‍/പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍/പുരസ്‌കാരം വിതരണം ചെയ്യല്‍ എന്നിത്യാദി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ദിവസം പതിനൊന്ന് എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം മെയ് രണ്ടാം വാരം നടക്കുന്ന പട്ടാഭിഷേകച്ചടങ്ങ്, സഹകാര്യക്കാരുടെയും ഉപകാര്യക്കാരുടെയും മുന്‍കാല കണക്കുകളുടെ ശരാശരിയെടുത്ത് പരിശോധിച്ചാല്‍, പൂര്‍ത്തിയാകണമെങ്കില്‍ ഏതാണ്ട് ഏഴ് ദിവസമെടുക്കും. കൊട്ടാരത്തിലാണ് പട്ടാഭിഷേകം. അവിടുത്തെ ഉദ്യാനമാണെങ്കില്‍ ലോകപ്രശസ്തം. വിനോദസഞ്ചാരമാകട്ടെ വലിയ വ്യവസായവും. കൊട്ടാരം കേന്ദ്രീകരിച്ച് ഏഴ് ദിവസവും ആഘോഷം ഏര്‍പ്പാടാക്കിയാല്‍ സഞ്ചാരികളുടെ എണ്ണം കൂടും, ഖജാന കൊഴുക്കും. കഴിഞ്ഞ പട്ടാഭിഷേകത്തിന് അയല്‍പക്കക്കാരായ ദരിദ്രനാരായണന്‍മാര്‍ക്ക് മാത്രമേ ‘സര്‍വാണി സദ്യ’ ഉണ്ടായിരുന്നുള്ളൂ. ആഘോഷം ഏഴ് നാള്‍ നീളുമ്പോള്‍ ആഢ്യന്‍മാരായവരെയൊക്കെ ആദ്യം വിളിക്കാം. കാമ ക്രോധ ലോഭ മോഹങ്ങളില്‍ തുമ്പിക്കൈ മുക്കിയവരെയൊക്കെ. സംഗതി കൊഴുക്കും. നൂറ്റിമുപ്പത് കോടി ജനം ഊണുറക്കമുപേക്ഷിച്ച് ആഘോഷത്തില്‍ പങ്കാളിയാകും. ജനാധിപത്യം പൂത്തുലയും.

ഇതല്‍പ്പം അതിശയോക്തിയോ ആക്ഷേപഹാസ്യമോ ആണ്. അശോകഹാളിലെ ചടങ്ങുകള്‍ ഒരു മണിക്കൂറിലധികം നീളരുതെന്ന് നിജപ്പെടുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ ദീര്‍ഘകാലം മുമ്പ് അറിയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ഭവന്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ നീണ്ട ചടങ്ങിനിടെ 11 പേര്‍ക്കേ പുരസ്‌കാരം (ദേശീയ ചലച്ചിത്ര പുരസ്‌കാരം) നല്‍കാനാകൂ എന്ന് കണക്കെടുത്തത് ആരാണാവോ? ഇങ്ങനെയൊരു അറിയിപ്പ് നേരത്തെ നല്‍കുകയും 11 പേര്‍ക്കേ തൃക്കൈയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ അവസരമുണ്ടാകൂ എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ അറിയിപ്പില്‍ അക്കാര്യം പറയാമായിരുന്നു. എങ്കില്‍ അവസാന നിമിഷത്തെ ഈ തര്‍ക്കം ഒഴിവാക്കാമായിരുന്നു. രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് പുരസ്‌കാരം വാങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍, പതിനൊന്നംഗ പട്ടികയില്‍പ്പെടാതിരുന്നാല്‍, ഡല്‍ഹിയാത്ര ഒഴിവാക്കുമായിരുന്നു.

11 പേര്‍ക്ക് രാഷ്ട്രപതി വിതരണം ചെയ്തുകഴിഞ്ഞാല്‍, ശേഷിക്കുന്നവയൊന്നാകെ മാനവവിഭവശേഷി മന്ത്രി വിതരണം ചെയ്യാന്‍ തീരുമാനിച്ചത് ഉചിതമായില്ല. സ്ഥാനവലിപ്പമനുസരിച്ച് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ കഴിഞ്ഞേ ക്യാബിനറ്റ് മന്ത്രി വരൂ. ആകയാല്‍ ഭാവിയിലെങ്കിലും പുരസ്‌കാര വിതരണം ഇനി പറയും വിധത്തില്‍ ക്രമപ്പെടുത്തുന്നതാണ് രാജ്യത്തിന് അന്തസ്സ്. രാഷ്ട്രപതി – 11, ഉപരാഷ്ട്രപതി – 9, പ്രധാനമന്ത്രി – 7, പിന്നെ എന്തുമാകാം. ഹിന്ദു വിശ്വാസമനുസരിച്ച് ഒറ്റസംഖ്യക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്. നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇത്തരം പുരസ്‌കാര വിതരണമൊക്കെ അങ്ങ് നാഗ്പൂരിലേക്ക് മാറ്റുന്നതും ആലോചിക്കാവുന്നതാണ്.

പരിഹാസ്യമെന്ന് തോന്നുമെങ്കിലും ഗൗരവം കുറഞ്ഞ സംഗതിയല്ല ദേശീയ പുരസ്‌കാര വിതരണ വേദിയിലുണ്ടായത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമൂഹിക – രാഷ്ട്രീയ സാഹചര്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിലോമ സ്വഭാവമുള്ള മാറ്റങ്ങളുടെ മറ്റൊരു മുഖമാണ് രാഷ്ട്രപതി ഭവനില്‍ അരങ്ങേറിയത്. ആ സംഗതിക്ക് വിധേയപ്പെടാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനായിരുന്നു, പഴയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ എന്ന നിലക്കല്ല. സമ്പൂര്‍ണാധികാരിയുടെ മുന്നില്‍ ഭയത്തോടെ കൈകൂപ്പുന്ന പടയാളിയെപ്പോലെ. കേന്ദ്ര സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന റബര്‍ സ്റ്റാമ്പിന്റെ സ്ഥാനമേ രാഷ്ട്രപതിക്കൂള്ളൂവെന്ന്, രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നവര്‍ക്ക് അറിയാം. എങ്കിലും ആ സ്റ്റാമ്പിന് വിലകൊടുക്കാറുണ്ട്, ജനങ്ങളുടെ ഹിതം ആര്‍ജിച്ച് അധികാരത്തിലെത്തുന്ന പരമാധികാരികള്‍.

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായിരിക്കെ പ്രസിഡന്റ് പദം അലങ്കരിച്ചയാളാണ് ഗ്യാനി സെയില്‍ സിംഗ്. ഇന്ദിരയുടെയും രാജീവിന്റെയും വിനീത വിധേയനെന്ന് പേരു കേള്‍പ്പിച്ച വ്യക്തിത്വം. സംശയം തോന്നുന്ന തപാല്‍ ഉരുപ്പടികള്‍ തുറന്നുപരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടൊരു നിയമം കൊണ്ടുവരാന്‍ നിശ്ചയിച്ചു. പൗരന്റെ സ്വകാര്യതയില്‍ ഭരണകൂടം ഇടപെടുന്നതില്‍ ഒരു പരിധിയൊക്കെ വേണമെന്ന് സെയില്‍ സിംഗിന് തോന്നി. നിയമത്തിന് അംഗീകാരം നല്‍കാതെ അദ്ദേഹം തിരിച്ചയച്ചു. ലോക്‌സഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക്. രാജ്യസഭയിലും വേണ്ടുവോളം. (ഒന്നോ രണ്ടോ വോട്ടിന്റെ ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയില്‍ ന്യൂനപക്ഷവുമായിരുന്നില്ല) എന്നിട്ടും ബില്ല് രണ്ടാമത് പ്രസിഡന്റിന് അയക്കേണ്ടെന്ന് രാജീവ് ഗാന്ധി തീരുമാനിച്ചു. (രണ്ടാം വട്ടം അയക്കുകയാണെങ്കില്‍ അംഗീകരിക്കുക മാത്രമേ പ്രസിഡന്റിന് മാര്‍ഗമുള്ളൂ)

രാഷ്ട്രപതി സ്ഥാനത്തിരുന്നവരും, സര്‍ക്കാറുകളുടെ ഇംഗിതം നിഷേധിച്ച്, സ്വന്തം വ്യക്തിത്വം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്തരം പ്രവൃത്തികള്‍ ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമം അവസാനിപ്പിക്കാന്‍ പട്ടാളത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചും അതിന് മുമ്പ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ സ്വാതന്ത്ര്യദിന പ്രസംഗം ഒഴിവാക്കി, അധസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തോട് സംസാരിച്ചും കെ ആര്‍ നാരായണന്‍. വിദ്വേഷവും വെറുപ്പും വിതച്ച്, വര്‍ഗീയ ഫാഷിസ്റ്റുകള്‍ രാജ്യത്തെ സംഘര്‍ഷഭൂമിയാക്കാന്‍ യത്‌നിച്ചപ്പോള്‍ മിതമായ ഭാഷയിലാണെങ്കില്‍പ്പോലും പ്രണാബ് മുഖര്‍ജി, അങ്ങനെ ചിലര്‍.

അങ്ങനെയൊന്നുമുണ്ടാകില്ലെന്നും രാഷ്ട്രപതി ഭവന് റബര്‍ സ്റ്റാമ്പിന്റെ പ്രസക്തിപോലുമുണ്ടാകില്ലെന്നും ഉറപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രാഷ്ട്രപതിയുടെ വ്യക്തിത്വത്തിനോ അദ്ദേഹത്തിന്റെ അഭിപ്രായത്തിനോ അപൂര്‍വ അവസരങ്ങളില്‍പ്പോലും അംഗീകാരം നല്‍കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ല എന്ന് പരോക്ഷമായി പറയുന്നു, ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ക്രമീകരിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രപതി സ്ഥാനം, പരമാധികാരിയുടെ ഔദാര്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ്. തന്റെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ഇപ്പോള്‍ പ്രകടിപ്പിച്ച അപ്രീതി, നാട്യം മാത്രം. ഒന്നും മിണ്ടാതെ അനുസരിച്ചുവെന്ന തോന്നലിനേക്കാള്‍ വിശ്വസനീയത, എതിര്‍പ്പുന്നയിച്ച ശേഷം കീഴടങ്ങി എന്നതിനാണല്ലോ!

സര്‍വകലാശാലകളുള്‍പ്പെടെ ഏതാണ്ടെല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹിന്ദുത്വ അജന്‍ഡക്കൊപ്പിച്ച് നീങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം ഔദ്യോഗികമായി ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സംഘ്പരിവാരം രാഷ്ട്രീയമായി നടത്തുന്ന (വര്‍ഗീയ രാഷ്ട്രീയം) ശ്രമങ്ങള്‍ വേറെ. ഇതിന് പുറമെയാണ് സംഘ്പരിവാര്‍ സൃഷ്ടികളായ അക്രമിക്കൂട്ടങ്ങള്‍ ഭീതിവിതച്ച് നടത്തുന്ന ശ്രമങ്ങള്‍. സൈന്യം, പൊലീസ് എന്ന് തുടങ്ങി ഏതാണ്ടെല്ലാ വിഭാഗങ്ങളെയും സംഘ ചിന്തകളോട് യോജിപ്പുള്ളവയാക്കാനുള്ള ഉദ്യമം വേറെ. അതിന് പാകത്തിലാണ് നേതൃത്വത്തിലേക്ക് ആളെ നിയോഗിക്കുക. അവിടെ സീനിയോറിറ്റിയൊന്നും ഘടകമാകാറില്ല. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. നീതിന്യായ സംവിധാനത്തിലേക്കും സംഘ സ്വാധീനം എത്തുകയോ നേരത്തെയുണ്ടായിരുന്ന സംഘ സ്വാധീനം ചിലരെങ്കിലും പരസ്യമാക്കുകയോ ചെയ്തിരിക്കുന്നു. വിരമിക്കുമ്പോള്‍ ഗോ മാതാവിനെ സ്മരിക്കുന്നവരും സിനിമാ ഹാളിലെ ദേശീയഗാനാലാപനം ഏതളവില്‍ രാജ്യസ്‌നേഹം വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടുന്നവരും അതിനുള്ള ചെറിയ തെളിവുകള്‍ മാത്രം.

ഇത്തരം ശ്രമങ്ങള്‍ നടക്കുകയും ചിലരൊക്കെ പഥസഞ്ചലനത്തിന് തയ്യാറാകുകയും ചെയ്തതുകൊണ്ട് ‘ഹിന്ദു രാഷ്ട്ര’ ത്തിലേക്കുള്ള യാത്രക്ക് വേഗം കൂടുകയില്ല. അതിന് എല്ലാവരും തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ സന്നദ്ധതയുള്ളവരാകണം. അല്ലെങ്കില്‍ അങ്ങനെ സന്നദ്ധതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത് സ്ഥാനങ്ങളില്‍ നിയോഗിക്കണം. സുപ്രീം കോടതിയിലേക്ക് ജസ്റ്റിസ് കെ എം ജോസഫിനെ നിയോഗിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍, എതിര്‍പ്പുന്നയിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. അതൊരു ജോസഫിനെ മാത്രം ഉദ്ദേശിച്ചല്ല. പരമാധികാരിയുടെ, ആ അധികാരിയുടെ പിറകിലെ സംഘ കുടുംബത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്ന് ഇതുവരെ തോന്നിത്തുടങ്ങിയിട്ടില്ലാത്ത ജോസഫുമാരെ ഉദ്ദേശിച്ചാണ്. കരസേനാ മേധാവി സ്ഥാനത്തേക്ക് സീനിയോറിറ്റി പരിഗണിക്കാതിരുന്നവര്‍, സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുമ്പോള്‍ സനീയോറിറ്റി പരിഗണിക്കണമെന്ന് നിര്‍ബന്ധം പിടിക്കും. അത്തരം നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒത്തുതീര്‍പ്പിന്റെ വഴി തിരഞ്ഞെടുക്കുമ്പോള്‍, പരമോന്നത നീതിപീഠത്തിലെ അഭിപ്രായ ഭിന്നത കുറേക്കൂടി വിസ്തൃതമാകും. പരമോന്നത നീതിപീഠത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന വിമത ജഡ്ജിമാര്‍, രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്ന പ്രചാരം വൈകാതെ ബലപ്പെടും. അതോടെ വഴങ്ങാത്ത ജോസഫുമാര്‍ പുറത്തുപോകും, അകത്തിരിക്കണമെന്നും അധികാരം വേണമെന്നും നിര്‍ബന്ധമുള്ളവര്‍ വഴങ്ങും. ഇവ്വിധമാണ് കാര്യങ്ങളെന്ന് സംഘ്പരിവാരത്തിന്, ജനങ്ങളെക്കൂടി ബോധ്യപ്പെടുത്താം. പൂര്‍വാശ്രമത്തിലെ സംഘബന്ധം പോലും ഇപ്പോഴത്തെ വിധേയത്വത്തിന് തടസ്സമാകില്ലെന്ന് ഉറപ്പിക്കാം. രാഷ്ട്രപതി ഭവനെ ചട്ടം പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങുന്നത് അതുകൊണ്ടാണ്. പദവിയുടെ ഭാരത്താല്‍ വരും ദിവസങ്ങളില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന തോന്നലുണ്ടാവരുതെന്ന മുന്നറിയിപ്പും.

ഏതാണ്ടെല്ലാറ്റിലും ഈ സ്ഥിതിയാകുമ്പോള്‍ വര്‍ഗീയതയെ പിന്തുണക്കുന്നവരൊക്കെ പരസ്യമായി രംഗത്തുവരും. എതിര്‍പ്പുള്ളവര്‍ പോലും വിധേയരാകും, അല്ലെങ്കില്‍ ഭയം കൊണ്ട് നിശ്ശബ്ദരാകും. ഇതെല്ലാമായിരുന്നു രാഷ്ട്രപതിഭവനിലെ അശോക ഹാളിലും അവിടേക്കുള്ള യാത്രയിലും കണ്ടത്. ഭയത്തിന് കീഴടങ്ങാത്തവര്‍ക്കായി മാറ്റിവെച്ച സീറ്റുകളില്‍ അവര്‍ ആളുകളെ പകരംവെക്കുകയും ചെയ്തു. അതൊരു മുന്നറിയിപ്പ് കൂടിയാണ്.