Connect with us

National

അര്‍ണാബ് ഗോസാമിക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു

Published

|

Last Updated

മുംബൈ: ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചാര്‍ജ് അര്‍ണാബ് ഗോസാമിയടക്കം മൂന്ന് പേര്‍ക്കെതിരെ അലിബാഗ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വേ നായിക് ആത്്മഹത്യ ചെയ്ത സംഭവത്തിലാണ് നായികിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്. നായിക് തൂങ്ങിമരിച്ചതിന്റെ സമീപത്ത് അദ്ദേഹത്തിന്റെ മാതാവ് കുമുദിന്റെ മ്യതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുമുദിന്റെ മരണകാരണം വെളിവായിട്ടില്ല.

അര്‍ണാബ് ഗോസാമിക്ക് പുറമെ ഐകാസ്റ്റ് എക്‌സ് സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്‌സ് തലവന്‍ നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരെയാണ് കേസ്. റിപ്പബ്ലിക്ക് ടിവി നായികിന്റെ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം ഉപയോഗപ്പെടുത്തിയെങ്കിലും പണം നല്‍കിയില്ലെന്നും ഇതാണ് നായികിന്റെ അത്മഹത്യയിലേക്ക് നയിച്ചതെന്നും ഭാര്യ പരാതിയില്‍ പറയുന്നു. എന്നാല്‍ ചാനലിനെതിരായ വ്യാജപ്രചരണങ്ങളാണിതെന്നും കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കിയതിനുള്ള തെളിവ് കൈവശമുണ്ടെന്നും റിപ്പബ്ലിക്ക് ടിവി പ്രസ്താവനയില്‍ പറഞ്ഞു.

 

Latest