ജനറല്‍ തിമ്മയ്യ എന്ത് പിഴച്ചു?

Posted on: May 6, 2018 12:04 pm | Last updated: May 6, 2018 at 12:05 pm

ദേശീയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഇപ്പോള്‍ പതിന്മടങ്ങ് ചൂട് പിടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്പയറ്റ് വാരാന്ത്യത്തില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ബല്ലാരിയില്‍ മോദിയും ബിദാറില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്ത റാലികളിലാണ് ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗം കീഴടക്കിയത്. ചരിത്രവസ്തുത മനസ്സിലാക്കാതെ എഴുതിക്കൊടുത്ത പ്രസംഗം വായിച്ച മോദി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു.
മോദിയുടെ പ്രസംഗം കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും രൂക്ഷമായ വിമര്‍ശനത്തിനാണ് വഴിമരുന്നിട്ടത്. സൈനികരെ മോശക്കാരാക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്താണെന്ന് ചരിത്രത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു മോദിയുടെ ബല്ലാരിയിലെ പ്രസംഗം. ‘ജനറല്‍ തിമ്മയ്യക്ക് കീഴില്‍ 1948ല്‍ ഇന്ത്യ- പാക് യുദ്ധം ജയിച്ചു. എന്നാല്‍, യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ തുടര്‍ച്ചയായി അവമതിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍. ഇതാണ് ജനറല്‍ തിമ്മയ്യ രാജിവെക്കാന്‍ കാരണമെന്നും മോദി പറഞ്ഞുവെച്ചു.
എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവിയെന്നിരിക്കെ, ഈ വസ്തുത അറിയാതെ മോദി കര്‍ണാടകയുടെ വികാരത്തെ തൃപ്തിപ്പെടുത്താന്‍ എഴുതിക്കൊടുത്ത പ്രസംഗം വായിച്ചു കുടുങ്ങുകയായിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി കെ കൃഷ്ണമേനോന്‍ അല്ല ബല്‍ദേവ് സിംഗ് ആയിരുന്നു ഇന്ത്യയുടെ പ്രതിരോധമന്ത്രി. 1947മുതല്‍ 1952 വരെ യു കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന കൃഷ്ണമേനോന്‍ 1957 മുതല്‍ 1962 വരെയാണ് പ്രതിരോധ മന്ത്രിയായത്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് മോദി ചെയ്തതെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കാന്‍ ഇതുവരെയും ബി ജെ പി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
രാഹുലോ മോദിയോ അല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്നും മറിച്ച് കര്‍ണാടകയുടെ വികസനമാണെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് പറയാതെ ദേശീയ നേതാക്കളെ വ്യക്തിഹത്യ നടത്താനാണ് മോദി തയ്യാറാകുന്നതെന്നും ബിദാറിലെ റാലിയില്‍ രാഹുല്‍ തിരിച്ചടിച്ചു. വസ്തുതകള്‍ അറിയാതെ സംസാരിക്കുന്ന മോദിയെ തിരുത്താന്‍ ബി ജെ പി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും മോദി പരിഹാസം ഏറ്റുവാങ്ങി. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നായിരുന്നു പത്രപ്രവര്‍ത്തകനായ വിഷ്ണുസോമിന്റെ പരിഹാസം. മോദിയുടെ തെറ്റ് ചൂണ്ടിക്കാട്ടി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തി.

റെഡ്ഢിയെ പുണര്‍ന്ന്
അനധികൃത ഖനന കേസിലെ പ്രതി ജനാര്‍ദന റെഡ്ഢിയുടെ സഹോദരന്‍ സോമശേഖര റെഡ്ഢിയോടൊപ്പം ബല്ലാരിയില്‍ വേദി പങ്കിട്ട മോദിയുടെ നടപടിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിവാദങ്ങളുണ്ടാക്കി. ബല്ലാരി സിറ്റി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സോമശേഖര റെഡ്ഢി ഖനി അഴിമതി കേസില്‍ ജനാര്‍ദന റെഡ്ഢിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയാണ്. ജനാര്‍ദന റെഡ്ഢിയുമായോ അദ്ദേഹത്തിന്റെ സഹോദരങ്ങളുമായോ തിരഞ്ഞെടുപ്പില്‍ ഒരു ബന്ധവുമുണ്ടാക്കുകയില്ലെന്ന് അമിത് ഷാ നിലപാടെടുത്തതിന് പിന്നാലെയാണ് മോദിയുടെ വേദി പങ്കിടല്‍. മൊളകല്‍മുരുവില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി ശ്രീരാമലുവിന്റെ പ്രചാരണ പരിപാടിയിലും ജനാര്‍ദന റെഡ്ഢി പങ്കെടുത്തിരുന്നു.
ജനാര്‍ദന റെഡ്ഢിയെ ഒപ്പം കൂട്ടി ബി ജെ പി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ശക്തമായ ആയുധമാക്കിയതോടെ പ്രചാരണ രംഗത്ത് നിന്നും റെഡ്ഢിയെ മാറ്റി നിര്‍ത്താന്‍ ഒടുവില്‍ ബി ജെ പി നിര്‍ബന്ധിതമായി. മൊളകല്‍മുരുവില്‍ റെഡ്ഢി പ്രചാരണത്തിനിറങ്ങിയതാണ് ബി ജെ പിയെ പ്രതിരോധത്തിലാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. അമിത്ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ഡലത്തില്‍ ജനാര്‍ദ്ദന റെഡ്ഢിയും അനുയായികളും പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അമിത്ഷാ പങ്കെടുത്തിരുന്നില്ല.

വിമത ഭീഷണി
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പ്രധാന ഭീഷണി ഉയര്‍ത്തുന്നത് വിമതരും സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയ സമീപനങ്ങളെ എതിര്‍ക്കുന്നവരും സീറ്റ് നഷ്ടപ്പെട്ടതില്‍ രോഷാകുലരായവരുമാണ് സ്വതന്ത്ര പരിവേഷത്തില്‍ കളത്തിലിറങ്ങിയിരിക്കുന്നത്. വിമതരും സ്വതന്ത്രരും വര്‍ധിച്ചതോടെ തീ പാറും പോരാട്ടമാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും നടക്കുന്നത്. പോര്‍ക്കളത്തിലുള്ള 2,655 സ്ഥാനാര്‍ഥികളില്‍ 1,155 പേരും സ്വതന്ത്രരാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുകളില്‍ കണ്ണ് വെച്ച് പല നേതാക്കളും കൂടുമാറിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ് ഇക്കുറി സ്വതന്ത്രരുടെ എണ്ണം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് മത്സരിച്ച് ജയിക്കാന്‍ സാധ്യതയേറെയുള്ള സംസ്ഥാനമായാണ് കര്‍ണാടക അറിയപ്പെടുന്നത്.

പറഞ്ഞു; വിഴുങ്ങി
ജനതാദള്‍- എസ് നേതാവ് എച്ച് ഡി ദേവഗൗഡയെ പുകഴ്ത്തി സംസാരിച്ച നരേന്ദ്ര മോദി ഇന്നലെ തുമക്കൂരുവില്‍ നടന്ന റാലിയില്‍ സംസാരിക്കവെ നിലപാട് മാറ്റി. ജെ ഡി എസ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസുമായി ജെ ഡി എസ് ധാരണയുണ്ടാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം ദേവഗൗഡയെ പുകഴ്ത്തി മോദി പ്രസംഗിച്ചത് ഇരുപാര്‍ട്ടികളും സഖ്യത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. ദേവഗൗഡ എല്ലാവരും ബഹുമാനിക്കുന്ന രാജ്യത്തെ മികച്ച നേതാക്കളില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മോദിയുടെ പുകഴ്ത്തല്‍. തൂക്കുസഭ വന്നാല്‍ ജനതാദള്‍- എസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുമെന്ന സന്ദേശമായാണ് മോദിയുടെ പ്രസംഗം വിലയിരുത്തപ്പെട്ടത്. ജനതാദള്‍- എസ് ബി ജെ പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ഇതിനായി കുമാരസ്വാമി അമിത് ഷായുമായി ചര്‍ച്ച നടത്തിയതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് മോദിയുടെ പുകഴ്ത്തല്‍ പ്രസംഗം. 2008ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയതുപോലെ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയാല്‍ കുമാരസ്വാമിയെ കുടുംബത്തില്‍ നിന്ന് പുറത്താക്കുമെന്ന് ദേവ ഗൗഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൗഡയെ പ്രശംസിച്ച് മോദി രംഗത്ത് വന്നത്. എന്നാല്‍ ഇന്നലത്തെ പ്രസംഗത്തില്‍ ഇതിന് വിപരീതമായ സമീപനമാണ് മോദി സ്വീകരിച്ചത്.

നിര്‍ണായകം മലയാളി വോട്ടുകള്‍
ഉദ്യാനനഗരിയായി അറിയപ്പെടുന്ന ബെംഗളൂരുവില്‍ മലയാളി വോട്ടുകള്‍ നിര്‍ണായകമാണ്. ജില്ലയിലെ 28 മണ്ഡലങ്ങളില്‍ 12 ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സമ്മതിദാനാവകാശമുണ്ട്. ബെംഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവട ആവശ്യത്തിനായി എത്തിയവരാണ് മലയാളികളേറെയും. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി മലയാളികള്‍ക്കും ഇവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും നേരെ ചെറുതും വലുതുമായ അക്രമങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. അക്രമങ്ങള്‍ മൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതെ വ്യാപാരം അവസാനിപ്പിച്ച് കേരളത്തിലേക്ക് പോയവരുമുണ്ട്.
ബെംഗളൂരുവിലെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെ ആര്‍ പുരം, ബൈത്തരായനപുര, ദാസറഹള്ളി, സര്‍വജ്ഞ നഗര്‍, മഹാദേവപുര, സി വി രാമന്‍നഗര്‍, ബി ടി എം ലേഔട്ട്, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളി വോട്ടര്‍മാര്‍ കൂടുതലായുള്ളത്. ബൊമ്മനഹള്ളിയില്‍ മുപ്പതിനായിരത്തിലധികം മലയാളി വോട്ടര്‍മാരുണ്ട്. ബി ടി എം ലേ ഔട്ടിലും ബെംഗളൂരു സൗത്തിലും 25,000ത്തോളം മലയാളി വോട്ടര്‍മാരാണുള്ളത്. മലയാളികള്‍ ഏറെയുള്ള സര്‍വജ്ഞനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ ഗോദയിലുള്ളതും മലയാളികള്‍ തന്നെ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ രണ്ട് ദിവസമായി ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് മലയാളി വോട്ടുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.