അലിഗഢിലെ ജിന്ന വിവാദം

Posted on: May 6, 2018 6:01 am | Last updated: May 6, 2018 at 10:10 am

മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബി ജെ പി പാര്‍ലിമെന്റംഗം സതീഷ് ഗൗതമാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. വിദ്യാര്‍ഥി യൂനിയന്‍ ഹാളില്‍ 1938 ല്‍ സ്ഥാപിച്ച ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ അധികൃതര്‍ക്ക് അദ്ദേഹം കത്തെഴുതി. പിന്നാലെ ആര്‍ എസ് എസ് അംഗീകൃത സംഘടനയായ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ അലിഗഢ് ക്യാമ്പസിനകത്ത് അതിക്രമിച്ചു കയറി ജിന്നക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ ചിത്രം നീക്കം ചെയ്യാന്‍ ശ്രമിക്കുകയും പ്രതിരോധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഘ്പരിവാര്‍ ആക്രമണത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അലിഗഢ് വിദ്യാര്‍ഥികള്‍ ക്യാമ്പസിലെ പ്രധാന കവാടമായ ബാബെ സയ്യിദിന് മുന്നില്‍ കൂറ്റന്‍ പ്രതിഷേധം നടത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കയാണ് സര്‍ക്കാര്‍.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയം സമാധാന പരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതിന് പകരം, അക്രമം അഴിച്ചു വിട്ട സംഘ്പരിവാര്‍ ഗുണ്ടകളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായാണ് രംഗത്തു വന്നത്. ഇന്ത്യാ- പാക് വിഭജനത്തിന് കാരണക്കാരനായ ജിന്ന ആദരിക്കപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സര്‍വകലാശാലയുടെ സ്ഥാപക അഡ്മിനിസ്‌ട്രേറ്റീവ് ബോഡി സ്ഥിരാംഗമാണ് ജിന്നയെന്നതിനാല്‍ അദ്ദേഹത്തിന്റെ ചിത്രം തൂക്കുന്നതില്‍ അപാകമില്ലെന്നാണ് അധികൃതരുടെ നിലപാട്. പോലീസിന്റെ സമീപനവും പക്ഷപാതപരമായിരുന്നു. അക്രമികളെ തുരത്തേണ്ടതിന് പകരം ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ലാത്തി പ്രയോഗം നടത്തിയത്. പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ നിരവധി വിദ്യാര്‍ഥികള്‍ സര്‍വകലാശാലക്ക് കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് ജിന്നയെ ഒഴിവാക്കാനുള്ള സംഘ്പരിവാറിന്റെ ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ് ഈ കോലാഹലങ്ങള്‍. വിഭജനത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ജിന്നയില്‍ കെട്ടിവെച്ച് അദ്ദേഹത്തെ ഇന്ത്യാവിരുദ്ധനും വര്‍ഗീയവാദിയുമാക്കാന്‍ കാലങ്ങളായി ഇവര്‍ ശ്രമിച്ചു വരികയാണ്. മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ജിന്നയുടെ മോഹമാണ് വിഭജനത്തിലെത്തിയതെന്ന മട്ടിലാണ് ഹിന്ദുത്വരുടെ പ്രചാരണം. അതേസമയം ബി ജെ പിയുടെ സമുന്നത നേതാവായിരുന്ന ജസ്വന്ത് സിന്‍ഹ ‘ജിന്ന, ഇന്ത്യാ വിഭജനം, സ്വാതന്ത്ര്യം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത;് ജിന്ന ഒരിക്കലും വിഭജനം ആഗ്രഹിച്ചിട്ടില്ലെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനാണ് വിഭജനത്തില്‍ വലിയ പങ്കെന്നുമാണ്. ‘ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡര്‍’ എന്നാണ് ഗാന്ധിജി ജിന്നയെ വിശേഷിപ്പിച്ചത്. യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായ സ്വാമി പ്രസാദ് മൗര്യയുടെ പക്ഷവും ജിന്ന മഹാപുരുഷനെന്നാണ.് പാക്കിസ്ഥാന്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഒരുപാട് കാര്യങ്ങളില്‍ ഇന്ത്യയെ സഹായിക്കുകയും രാജ്യത്തിന്റെ നിര്‍മാണത്തിന് സഹകരിക്കുകയും ചെയ്ത ജിന്നക്ക് നേരെ കൈ ചൂണ്ടുന്നത് നന്ദികേടാണെന്നും മൗര്യ പറയുന്നു.
അധികാര രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചതോടെ മുഹമ്മദലി ജിന്നയെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കോണ്‍ഗ്രസിലെ ചില സമുന്നത നേതാക്കളാണ് വിഭജനത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ചരിത്രകാരന്മാരില്‍ ചിലരുടെ പക്ഷം. അഥവാ സംഘ്പരിവാര്‍ ആരോപിക്കുന്നത് പോലെ ജിന്നയാണ് വിഭജനത്തിന് ഉത്തരവാദി എന്ന് സമ്മതിച്ചാല്‍ പോലും അദ്ദേഹമോ മുസ്‌ലിം ലീഗോ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്നതല്ല വിഭജനം. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയുമൊക്കെ ആശീര്‍വാദത്തോടെയാണ് അത് നടന്നത്. എങ്കില്‍ വല്ലഭായ് പട്ടേലിനെയും ഇന്ത്യാ ചരിത്രത്തില്‍ നിന്ന് എടുത്തു മാറ്റേണ്ടതുണ്ട്.
രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളെ സംഘ്പരിവാര്‍ നിയന്ത്രണത്തിലാക്കലും മതന്യൂനപക്ഷങ്ങള്‍ സ്ഥാപിച്ച ഉന്നത വിദ്യാലയങ്ങളുടെ മതകീയ പശ്ചാത്തലം തുടച്ചു നീക്കലും ആര്‍ എസ് എസ് അജന്‍ഡയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇതുസംബന്ധമായ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. ഈയൊരു ലക്ഷ്യവും കൂടിയുണ്ട് ജിന്ന വിവാദം കുത്തിപ്പൊക്കിയതിന് പിന്നില്‍. അലിഗഢ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യു പി എ ഭരണ കാലത്ത് സമര്‍പ്പിച്ച അപ്പീല്‍ ഹരജി നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചതും അലിഗഢിന്റെ കേരള, പശ്ചിമ ബംഗാള്‍ ക്യാമ്പസുകള്‍ക്ക് ഫണ്ട് നിര്‍ത്തല്‍ ചെയ്യുമെന്ന മന്ത്രി സ്മൃതി ഇറാനിയുടെ ഭീഷണിയും സര്‍വകലാശാലയുടെ പേരില്‍ നിന്ന് മുസ്‌ലിം എന്ന പദം എടുത്തുമാറ്റുകയും അലിഗഢിന് ഹരിഗഢ് എന്ന് പുനര്‍നാമകരണം നടത്തുകയും വേണമെന്ന ആവശ്യവുമെല്ലാം ഇതിന്റെ ഭാഗമാണ്. മതന്യൂനപക്ഷങ്ങളെയും ദളിതരെയും മുഖ്യധാരയില്‍ നിന്ന് നിഷ്‌കാസിതമാക്കാനും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ വെടക്കാക്കി തനിക്കാക്കലുമാണല്ലോ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള കാര്യമായ പ്രവര്‍ത്തനം. മതേതര സമൂഹം ഇതിനെതിരെ ബോധവാന്മാരാകുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.