ദളിത് വീടുകളിലെത്തുമ്പോള്‍ കൊതുകുകടിക്കുന്നുവെന്ന് യുപി മന്ത്രി

Posted on: May 4, 2018 5:54 pm | Last updated: May 4, 2018 at 7:38 pm

ന്യൂഡല്‍ഹി: ദളിതരുടെ വീടുകളിലെത്തുമ്പോള്‍ കൊതുകു കടിയേല്‍ക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. വിവാദ പ്രസ്താവനകളില്‍നിന്നും ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് യു പിയിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ അനുപമ ജയ്‌സ്വാള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗത്തിന്റേയും വികസനത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനായി എല്ലാ മന്ത്രിമാരും കഠിനമായി പ്രവര്‍ത്തിക്കുകയാണ്. ഇതിന്റെ ഭാഗമായി ദളിതരുടെ വീടുകളില്‍ രാത്രി ചിലവഴിക്കുന്ന തങ്ങളെ കൊതുകുകള്‍ കടിക്കുകയാണെന്ന് അനുപമ പറഞ്ഞു.

ജാതി വിവേചനത്തിനെതിരായ പ്രവര്‍ത്തനമെന്ന പേരില്‍ ദളിതരുടെ വീടുകളില്‍പോയി ഭക്ഷണം കഴിക്കുന്ന നാടകം ബിജെപി നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിറകെയാണ് മന്ത്രിയുടെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ദളിതരുടെ വീടുകളില്‍പോയി അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും ഇടപഴകണമെന്നുമുള്ള മോദിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് യു പി മന്ത്രിയായ സുരേഷ് റാണ സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണവും വെള്ളവുമായി ദളിതന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ദ്യശ്യങ്ങള്‍ നേരത്തെ വിവാദമായിരുന്നു. മറ്റൊരു യു പി മന്ത്രിയായ രാജേന്ദ്ര പ്രതാപ് സിംഗ് തന്റെ ദളിത് വീട് സന്ദര്‍ശനത്തെ ദൈവമായ രാമന്റെ സന്ദര്‍ശനത്തോട്് ഉപമിച്ചതും ഏറെ വിവാദമായിരുന്നു.