Connect with us

Kerala

വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റിയില്‍ വിട്ടു. തിരുവല്ലം, പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യ സഹായം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പ്രതികളെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗം, മയക്കുമരുന്ന് നിരോധന നിയമം എന്നിവ കൂടി ചുമത്തിയാണ് അറസ്റ്റ്. കാണാതായ മാര്‍ച്ച് 14 തന്നെ യുവതി കൊല്ലപ്പെട്ടെന്നാണ് പോലീസ് കണ്ടെത്തിയത്. രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചുതന്നെയാണ് കൃത്യം നടത്തിയത്.

മയക്കുമരുന്ന് കൊടുത്ത ശേഷം പീഡിപ്പിച്ചു. രാത്രിയോടെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്നു കഴുത്തുഞെരിച്ചു കൊന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.