Connect with us

Kerala

എസ് എസ് എല്‍ സി ഫലം: സേ പരീക്ഷ 21 മുതല്‍ 25 വരെ

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി, എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്), ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാകാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഈമാസം 21 മുതല്‍ 25 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടും മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് ഈമാസം 10നകം സമര്‍പ്പിക്കണം.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍ നാളെ മുതല്‍ പത്താം തീയതി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ്ഔട്ടും ഫീസും അപേക്ഷകന്‍ അതാത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് ഈമാസം പത്തിന് അഞ്ച് മണിക്ക് മുമ്പേ നല്‍കിയിരിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ 11ന് അഞ്ച് മണിക്കകം ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം ഈമാസം 31നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും 31നകം നല്‍കും.

ടി എച്ച് എസ് എല്‍ സിയില്‍
98.66 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ടി എച്ച് എസ് എല്‍ സിയില്‍ 98.66 ശതമാനം വിജയം. 3278 പേര്‍ പരീക്ഷയെഴുതിയതില്‍ 3234 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 98.83 ശതമാനമായിരുന്നു വിജയം. 221 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപയര്‍ഡ്)യില്‍ പരീക്ഷയെഴുതിയ 18 വിദ്യാര്‍ഥികളും ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപയര്‍ഡ്) വിഭാഗത്തില്‍ 98.9 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 284 വിദ്യാര്‍ഥികളില്‍ 281 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഈ വിഭാഗത്തില്‍ 29 സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയതില്‍ 26 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു. എ എച്ച് എസ് എല്‍ സി (കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുത്തുരുത്തി) യില്‍ 89.6 ശതമാനമാണ് വിജയം. 87 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 78 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്.

 

ഐ എ എം ഇ സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഐ എ എം ഇ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഐ എ എം ഇ നടപ്പാക്കിവരുന്ന സ്‌കൂള്‍ ശാക്തീകരണ പദ്ധതികളുടെ വിജയം കൂടിയാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷനില്‍ അഫിലിയേറ്റ് ചെയ്ത നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരുവള്ളൂര്‍, ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ചെമ്മാട്, മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം, ഖാദിസിയ ഇംഗ്ലീഷ് സ്‌കൂള്‍ ചുങ്കം, തഅ്‌ലീമുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുഴിമണ്ണ, അല്‍ ഇര്‍ശാദ് പബ്ലിക് സ്‌കൂള്‍ തൃപ്പനച്ചി, മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ അരീക്കോട്, മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുത്തിഗെ, ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാവക്കാട്, മര്‍കസുല്‍ ഹിദായ ഹൈസ്‌കൂള്‍ വെള്ളില, ഐ സി എസ് ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ഞപ്പറ്റ, ഉമ്മുല്‍ ഖുറാ ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ മോങ്ങം, കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിറമങ്ങാട്, അല്‍ ഫതഹ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തെന്നല, സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍ കല്ലുംപുറം, അല്‍ ഇര്‍ശാദ് സെന്‍ട്രല്‍ സ്‌കൂള്‍ തെച്യാട്, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ മാറഞ്ചേരി, മുജമ്മാ ഇംഗ്ലീഷ് സ്‌കൂള്‍ ബായാര്‍, സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുറ്റിക്കോല്‍, നിബ്രാസ് സെക്കന്‍ഡറി സ്‌കൂള്‍ മൂന്നിയൂര്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ താനാളൂര്‍, മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കായംകുളം, ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മണ്ണഞ്ചേരി, അല്‍ ഫലാഹ് പബ്ലിക് സ്‌കൂള്‍ കാരക്കുന്ന്, അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ വണ്ടൂര്‍, എം ഇ ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊളമംഗലം, ഹില്‍ടോപ് പബ്ലിക് സ്‌കൂള്‍ ചെറുവാടി എന്നീ സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്.

മികച്ച വിജയശതമാനം കരസ്ഥമാക്കിയ ഐ എ എം ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും സ്‌കൂള്‍ അധികൃതരേയും അധ്യാപകരേയും ഐ എ എം ഇ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിനന്ദിച്ചു. ഐ എ എം ഇ പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നൗഫല്‍ കോടൂര്‍, കെ എം അബ്ദുല്‍ ഖാദര്‍, അഫ്‌സല്‍ കൊളാരി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദലി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ വി പി എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

 

മികച്ച നേട്ടവുമായി
പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ഈവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച നേട്ടവുമായി പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍. പട്ടികജാതി വിഭാഗത്തില്‍ 43,985 വിദ്യാര്‍ഥികളില്‍ 41,873 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 95.19 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ(91.95) അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വര്‍ധനയാണ് കൈവരിച്ചത്. കഴിഞ്ഞവര്‍ഷം 571 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ഈവര്‍ഷം നേട്ടം 992 പേരായി ഉയര്‍ന്നു.

പട്ടികവര്‍ഗ വിഭാഗത്തില്‍ 8108 പേര്‍ പരീക്ഷയെഴുതിയതില്‍ 7055 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 87.01 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82.55 ശതമാനമായിരുന്നു. സമാന്തരമായി മറ്റു പിന്നാക്ക വിഭാഗങ്ങളിലും വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒ ബി സി വിഭാഗങ്ങളില്‍ 98.13 ആണ് വിജയ ശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്്. 2,96,020 പേര്‍ പരീക്ഷയെഴുതിയതില്‍ 2,90,499 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 21,394 പേരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8650 പേര്‍ കൂടുതലാണിത്.