ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യു എസ് പിന്മാറരുത്: യു എന്‍

Posted on: May 4, 2018 6:02 am | Last updated: May 3, 2018 at 10:06 pm
SHARE

ലണ്ടന്‍: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറരുതെന്ന് ഐക്യരാഷ്ട്ര സഭ. ഇറാനെ ആണവായുധം കരസ്ഥമാക്കുന്നതില്‍ നിന്ന് തടയുന്ന അന്താരാഷ്ട്ര കരാറാണ് ഇതെന്നും ട്രംപ് ഇതില്‍ നിന്ന് പിന്തിരിഞ്ഞ് നടക്കരുതെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ഓര്‍മപ്പെടുത്തി. ബി ബി സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയാല്‍ ആണവ സമ്പുഷ്ടീകരണത്തില്‍ നിന്ന് മാറിനില്‍ക്കാമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. 2015ല്‍ ഒബാമയുടെ ഭരണകാലത്താണ് ആണവ കരാര്‍ നിലവില്‍ വന്നിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയതോടെ ആണവ കരാര്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം 12ന് മുമ്പായി മികച്ച ഒരു പദ്ധതി ഈ വിഷയത്തില്‍ തന്റെ മുന്നിലെത്തിയില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്തിരിയുമെന്നാണ് ട്രംപിന്റെ നിലപാട്.

ഇറാനുമായി ധാരണയായ അന്താരാഷ്ട്ര ആണവ കരാര്‍ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ വിജയമായിരുന്നു. ഇത് തുടര്‍ന്നും പരിപാലിക്കപ്പെടേണ്ടതുണ്ട്. കരാറുമായി മുന്നോട്ടുപോകുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവ കരാറിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ചില രഹസ്യ രേഖകള്‍ പുറത്തുവിട്ടിരുന്നു. ഒബാമയുടെ കാലത്ത് ധാരണയിലെത്തിയ ആണവ കരാര്‍ കളവിന്റെ മേല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here