Connect with us

Kerala

പാലത്ത് കനാല്‍ തകര്‍ന്നു: ജനം ഭീതിയില്‍

Published

|

Last Updated

കനാല്‍ തകര്‍ന്ന് മണ്ണ് ഒലിച്ചുപോയ നിലയില്‍

നരിക്കുനി: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാല്‍ തകര്‍ന്നു. പാലത്ത് അങ്ങാടിക്ക് സമീപം മമ്മിളിത്താഴത്താണ് കനാല്‍ തകര്‍ന്നത്. കനാല്‍ വെള്ളം മുഴുവന്‍ കനാല്‍ പൊട്ടിയ ഭാഗത്തുകൂടെ കുത്തിയൊലിച്ച് ഒഴുകാന്‍ തുടങ്ങിയതോടെ നാട് മുഴുവന്‍ ഭീതിയിലായിരിക്കുകയാണ്.

ഇന്നലെ വൈകീട്ട് ആഞ്ചോടെയാണ് സംഭവം. കനാലിനടിയിലൂടെ സ്ഥാപിച്ച ഓവുചാലിെ കെട്ട് തകര്‍ന്നാണ് കനാല്‍ വെള്ളം ഓവുചാലിലുടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്. ഒരു മീറ്ററോളം നീളത്തില്‍, ഒന്നര മീറ്റര്‍ ആഴത്തില്‍ കനാലിലെ മണ്ണ് ഒലിച്ച് പോയി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വേനലായതിനാല്‍ വന്‍ തോതില്‍ വെള്ളം കനാല്‍ വഴി കടത്തിവിടുന്നതിനിടെയാണ് അപകടമുണ്ടായത്. കനാല്‍ തകര്‍ന്ന ഭാഗത്തിന് സമീപത്തായി കളിച്ചു കൊണ്ടിരിക്കുകയിരുന്ന രണ്ട് കുട്ടികളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയതിനാലാണ് ദുരന്തം ഒഴിവായത്.


കനാല്‍ തകര്‍ന്ന് വീടുകളില്‍ വെള്ളം കയറിയപ്പോള്‍

കനാല്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നാരങ്ങശേരി മുഹമ്മദ്, അശോകന്‍ എന്നിവരുടെ വീടുകളിലും സമീപത്തെ മൂന്ന് വീടുകളിലും വെള്ളം കയറി. വയലുകളിലെ പുഞ്ചകൃഷിയും വെള്ളത്തിനടിയിലായിരിക്കുകയാണ്. നരിക്കുനി ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് ലീഡിംഗ് ഫയര്‍മാന്‍ എം സി മനോജിന്റെ നേതൃത്വത്തില്‍ ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ജലസേചന വകുപ്പ് അധികൃതരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തധികൃതരും സംഭവ സ്ഥലത്തെത്തി. രാത്രി വൈകിയും കനാലിലൂടെ വെള്ളമെത്തിക്കൊണ്ടിരിക്കുകയാണ്.