താമസസ്ഥലത്ത് തീപിടുത്തം; മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: May 3, 2018 7:37 pm | Last updated: May 3, 2018 at 7:37 pm

അബുദാബി: മലയാളി കുടുംബം അബുദാബിയില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മലയാളിയായ സാജു ജോര്‍ജ് ജോണും ഭാര്യയും മാതാപിതാക്കളും നാലു മക്കളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാല്‍, സാജുവുംകുടുംബവും മറ്റൊരു അദ്ഭുതത്തിനും ഇതേ അപകടം കാരണമായി. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടിത്തതിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് വീണു. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിച്ചു. ശനി രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തം ഉണ്ടായപ്പോള്‍ രണ്ടാം നിലയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുടുംബം പലവഴികളും നോക്കി. സാജുവിന്റെ പിതാവ് ജോര്‍ജുകുട്ടി (84) 2013 മുതല്‍ തളര്‍ന്നു കിടക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തെ വീല്‍ചെയര്‍ ഉപയോഗിച്ച് സുരക്ഷിതമായി കോണിപടി ഇറക്കുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. സാജുവിന്റെ മാതാവ് ശോശാമ്മ (74)യും വീട്ടില്‍ ഉണ്ടായിരുന്നു. മക്കളും ഭാര്യയും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ മാത്രം കൈക്കലാക്കി പുറത്തേക്ക് പോന്നു. വലിയ പുതപ്പുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചാണ് ഇവര്‍ പുറത്തേക്ക് കടക്കാന്‍ നോക്കിയത്.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫഌറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും.

ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു. ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച് ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു സാജു പറഞ്ഞു. വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്പോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക് വീഴുമ്പോള്‍ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു. വീഴ്ചയില്‍ പിതാവിന്റെ തലക്ക് ചെറിയ പരുക്കുണ്ട്. അപകടത്തില്‍ കുടുംബത്തിലെ മറ്റാര്‍ക്കും പരുക്കുകള്‍ ഇല്ല.