രാജസ്ഥാനില്‍ ശക്തമായ മഴയും പൊടിക്കാറ്റും: 22 പേര്‍ മരിച്ചു

Posted on: May 3, 2018 10:49 am | Last updated: May 3, 2018 at 1:19 pm

ജയ്പുര്‍: രാജസ്ഥാനില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ആല്‍വാര്‍, ധോല്‍പുര്‍, ഭരത്പുര്‍ ജില്ലകളിലാണ് ഇന്നലെ അര്‍ധരാത്രിയോടെ പൊടിക്കാറ്റ് വീശിയടിച്ചത്. മരം കടപുഴകി വീണും വീട് തകര്‍ന്നുമാണ് മരണങ്ങള്‍ ഏറെയും ഉണ്ടായത്. കാറ്റില്‍ ഇളകിവീണ വൈദ്യുതികമ്പിയില്‍ തട്ടിയും ഒട്ടേറെ പേര്‍ മരിച്ചു. ശക്തമായ കാറ്റില്‍ പറന്നുവന്ന ഇരുമ്പ് ഷീറ്റ് പതിച്ച് പതിമൂന്നുകാരി മരിച്ചു. ഭരത്പുര്‍ ജില്ലയില്‍ മാത്രം പതിനൊന്ന് പേരാണ് മരിച്ചത്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായും വസുന്ധര രാജെ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടും ദുഖം രേഖപ്പെടുത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ജന്മദിന ആഘോഷങ്ങള്‍ നിര്‍ത്തലാക്കി.