ഇനി ഇന്ത്യയിലും വിമാനത്തില്‍ ഫോണ്‍ വിളിക്കാം, ഇന്റര്‍നെറ്റ് ഉപയോഗിക്കാം

Posted on: May 1, 2018 6:07 pm | Last updated: May 2, 2018 at 10:35 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇിനി വിമാനത്തിലും ഫോണ്‍ വിളിക്കുകയും ഇന്റര്‍നെറ്റ് ഉുപയോഗിക്കുയും ആവാം. വിമാനയാത്രകളില്‍ വോയ്‌സ്, ഡാറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് അനുനതി നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് ഫോണ്‍കോളുകള്‍ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.

ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അദ്ധ്യക്ഷയായ മന്ത്രിതല ഉന്നതതല സമിതിയാണ് ഇതേക്കുറിച്ചുള്ള ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പുതിയ ശുപാര്‍ശ പ്രകാരം 3000 മീറ്റര്‍ ഉയരത്തില്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാം. മൂന്നോ നാലോ മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തിലാകും. അതിന് മുന്പ് ടെലികോം കമ്പനികള്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണ്ടേതുണ്ട്. ഇതിനായി വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി ഉപകരണങ്ങളും മറ്റും സ്ഥാപിക്കും. അതേസമയം, വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് യാത്രക്കാര്‍ അധിക നിരക്ക് നല്‍കേണ്ടി വരുമെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കുമെന്നും അരുണ സുന്ദര്‍രാജന്‍ അറിയിച്ചു. വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് നേരത്തേ ശിപാര്‍ശ നല്‍കിയിരുന്നു.