കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി

ദക്ഷിണാഫ്രിക്കന്‍ സംഘം കേരള സന്ദര്‍ശനം തുടങ്ങി
Posted on: May 1, 2018 6:01 am | Last updated: May 1, 2018 at 12:04 am
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ഡോ. നോമഫ്രങ്ക് മോംബോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ കേരള സന്ദര്‍ശനം തുടങ്ങി. ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാന്‍ വേണ്ടിയാണ് കേരളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവരും സംഘത്തിലുണ്ട്.

ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇവര്‍ പങ്കെടുത്തു. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ഡോ. നോമഫ്രങ്ക് മോംബോ പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം വളരെ പിറകിലാണ്. ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്ന് കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചുവെന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി അത്ഭുതം പ്രകടിപ്പിച്ചു. കേരളത്തിലെ ജനകീയ സര്‍ക്കാറുകള്‍ ആരോഗ്യ മേഖലക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയുമൊക്കെയാണ് കേരളത്തിന്റെ ആരോഗ്യ മേഖല ഇത്രയും വലിയ പുരോഗതി കൈവരിച്ചതെന്ന് മന്ത്രി ഷൈലജ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ വന്‍കിട ആശുപത്രികള്‍ വളരെയധികമുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് വേണ്ടി 80 ശതമാനവും ചെലവഴിക്കുന്നുവെങ്കിലും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്ന് ദക്ഷിണാഫ്രിക്കന്‍ സംഘം വ്യക്തമാക്കി. അതിനാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ചെലവിലെ മികച്ച ചികിത്സ എങ്ങനെയെന്ന് പഠിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.

ദക്ഷിണാഫ്രിക്ക പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എച്ച് ഐ വി ബാധിതരേക്കാള്‍ വളരെയധികം കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിതശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്‌നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യ രംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്.
കേരളത്തിലെ പ്രാഥമികാരോഗ്യ രംഗത്ത് തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക തലത്തില്‍ തന്നെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, എസ് എച്ച് ആര്‍ സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എസ് ഷിനു പങ്കെടുത്തു.

പാറശാല താലൂക്ക് ആശുപത്രി, പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളജ് എന്നിവയും സംഘം സന്ദര്‍ശിക്കും.