Connect with us

Kerala

കളിയില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത സംഘാടകന്‍

Published

|

Last Updated

ലക്ഷ്മണ്‍

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ സുവര്‍ണ ലിപികളില്‍ ഏഴുതപ്പെട്ട നാമമാണ് പി പി ലക്ഷ്മണിന്റേത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു പരിധിവരെ ഫുട്‌ബോളിന് വേരോട്ടമുണ്ടാക്കിയ ഐ ലീഗിന്റെ സൂത്രധാരന്‍, നിരവധി രാജ്യാന്തര ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ അണിയിച്ചൊരുക്കുന്ന അസോസിയേഷന്റെ മുഖ്യ കാര്‍മികന്‍, കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകന്‍, കേരളത്തില്‍ നടന്ന നെഹ്‌റു കപ്പുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച വ്യക്തിത്വം തുടങ്ങി ഇന്ത്യന്‍ കാല്‍പന്ത് കളിയുടെ സമസ്ത മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചാണ് ലക്ഷ്മണന്‍ കളം വിടുന്നത്.

1983ല്‍ കണ്ണൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പിന്റെ സംഘാടക മികവാണ് അദ്ദേഹത്തെ ദേശീയ ഫുട്‌ബോളില്‍ ശ്രദ്ധയിലെത്തിച്ചത്. 1985ല്‍ കേരളം ആതിഥേയത്വം വിഹിച്ച നാലാമത് നെഹ്‌റു കപ്പ് അദ്ദേഹത്തിന്റെ സംഘാടക മികവ് വിളിച്ചറിയിക്കുന്നതായിരുന്നു. 1983 മുതല്‍ എട്ട് വര്‍ഷത്തോളം കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചു. ഇക്കാലയളവിലാണ് പൊതുവെ നഷ്ടത്തിലായിരുന്ന കെ എഫ് എ ലാഭത്തിലെത്തിയത്. ഐ ലീഗ് തുടക്കമിടുമ്പോള്‍ നിരവധി പദ്ധതികള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഐ ലീഗിന്റെ വരുമാനം കൊണ്ട് ഫുട്‌ബോള്‍ ഗ്രാസ് റൂട്ട് ലെവലില്‍ വ്യാപിപ്പിക്കാം എന്ന് അദ്ദേഹം കരുതി. ഇതിനായി നിരവധി ചെറുകിട ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് സഹായവും ചെയ്തു. എന്നാല്‍, ഇത് വേണ്ട രൂപത്തില്‍ പ്രചാരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും ഐ എസ് എല്ലിന്റെ ഇന്നത്തെ ഗ്ലാമര്‍ കാലത്തും ഐ ലീഗ് കരുത്തോടെ മുന്നോട്ട് പോകുന്നത് ലക്ഷ്മണിനെ പോലുള്ളവരെ ശ്രമഫലമായാണ്.

കളിക്കാരുടെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സന്തോഷ് ട്രോഫി മത്സരത്തിനിടെ സഞ്ചയ് ദത്ത എന്ന കൊല്‍ക്കത്തന്‍ താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചതാണ് അദ്ദേഹത്തെ ഫിറ്റ്‌നസ് കാര്യത്തില്‍ കര്‍ക്കശക്കാരനാക്കിയത്. മത്സരത്തിന് ഇറങ്ങും മുമ്പ് കളിക്കാരെ ഹൃദയ, രക്തസമ്മര്‍ദ പരിശോധനക്ക് വിധേയമാക്കണമെന്ന് അദ്ദേഹം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ബോധ്യപ്പെടുത്തി.

കളിയിലെ അച്ചടക്കത്തിന്റെ കാര്യത്തിലും അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായിരിക്കെ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെ അദ്ദേഹം നടത്തിയ ഇടപെടല്‍ മാത്രം മതി ഇക്കാര്യം ഓര്‍ക്കാന്‍. ഒരു മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊറിയന്‍ താരങ്ങള്‍ അദ്ദേഹത്തെ മര്‍ദിച്ചു. പ്രശ്‌നം വിവാദമായതോടെ ഫിഫ ഇടപെട്ടു. അതിനിടെ, കേന്ദ്ര ഭരണത്തിലെ ചില ഉന്നതര്‍ ഇടപെട്ട് കൊറിയന്‍ ടീമിനെ അയോഗ്യരാക്കരുതെന്ന് ലക്ഷ്മണിനോട് ആവശ്യപ്പെട്ടു. എന്നാല്‍, അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത അദ്ദേഹം കൊറിയയെ ടൂര്‍ണമെന്റില്‍ നിന്ന് അയോഗ്യരാക്കി. ഇത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത കണ്ണൂരിന്റെ ഫുട്‌ബോള്‍ വളര്‍ച്ചക്കും അദ്ദേഹം വലിയ പങ്ക് നല്‍കി. എന്നാല്‍, കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും ഫുട്‌ബോള്‍ അക്കാദമിയും നിര്‍മിക്കാന്‍ കഴിയാതെ പോയതിലെ വിഷമം അദ്ദേഹം മറച്ചുവെച്ചിരുന്നില്ല.

ദരിദ്ര കുടുംബത്തില്‍ ജനിച്ച് പതിയെ ജീവിതം കെട്ടിപ്പടുത്ത അദ്ദേഹത്തിന് ബിസിനസ് രംഗത്തും രാഷ്ട്രീയത്തിലും ശോഭിക്കാന്‍ കഴിഞ്ഞു. കണ്ണൂരിലെ നിരവധി വ്യവസായങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച അദ്ദേഹം കാര്യശേഷിയുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

 

---- facebook comment plugin here -----

Latest