കാബൂളില്‍ ഇരട്ട സ്‌ഫോടനം: ഒമ്പത് മാധ്യമ പ്രവര്‍ത്തകരടക്കം 29 മരണം

  ചാവേര്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലുമെത്തി ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍
  Posted on: April 30, 2018 11:46 pm | Last updated: April 30, 2018 at 11:46 pm
  തൊഴിലിടം ഭീകരം:
  അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് വീണ് കിടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ മേഖലകള്‍ എത്രമാത്രം സങ്കീര്‍ണമാണെന്ന മെയ്ദിന ചിന്ത കൂടി ഈ ദൃശ്യം മുന്നോട്ട് വെക്കുന്നു.

  കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പത് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 29 പേര്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇസില്‍ നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റ് വഴിയാണ് ഉത്തരവാദിത്വമേറ്റത്. സംഭവവുമായി ബന്ധമില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  എ എഫ് പി ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന് മിനുട്ടുകള്‍ക്കകം തന്നെ രണ്ടാം സ്‌ഫോടനവുമുണ്ടായതായി കാബൂള്‍ പോലീസ് വക്താവ് ഹശ്മത് സ്താനിക്‌സായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമാക്കി തന്നെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  ശാദരക് പ്രദേശത്തെ അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തിനടുത്താണ് ആദ്യ സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയിലേക്ക് മാധ്യമ പ്രവര്‍ത്തകനെപ്പോലെ ബാഡ്ജ് ധരിച്ച് കടന്നുവന്ന ചാവേറാണ് രണ്ടാമത്തെ സ്‌ഫോടനം സൃഷ്ടിച്ചത്.

  ഒമ്പത് മാധ്യമപ്രവര്‍ത്തകരുടെ മരണം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 49 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മറായിക്ക് പുറമേ റേഡിയോ ഫ്രീ യൂറോപ്പിന്റെ കറസ്‌പോണ്ടന്റ് മഹ്‌റാം ദുറാനി, ഇതേ സ്ഥാപനത്തിലെ റിപ്പോര്‍ട്ടര്‍ അബ്ദുല്ലാ ഹനസായി, ടോളോ ന്യൂസിലെ ക്യാമറാമാന്‍ യാര്‍ മുഹമ്മദ് തോഖി, വണ്‍ ടി വി റിപ്പോര്‍ട്ടര്‍ ഗാസി റസൂല്‍, മശാല്‍ ടി വിയിലെ നവ്‌റോസ് അലി ഖാമോഷ്, അലി സലീമി, സലാം തലാഷ്, ആര്‍ എഫ് ഇ കാമറാമാന്‍ സബാ കകാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ബി ബി സിയുടെ റിപ്പോര്‍ട്ടര്‍ അഹ്മദ് ഷാ (29)യെ തോക്കുധാരികള്‍ വെടിവെച്ച് കൊന്നു. ഖോസ്റ്റ് പ്രവിശ്യയിലാണ് സംഭവം.

  താലിബാന്‍ അധികാരം പിടിച്ച 1996ലാണ് മറായി എ എഫ് പിയില്‍ ചേര്‍ന്നത്. 2001ലെ യു എസ് അധിനിവേശം അഫ്ഗാന്‍ ജനതയിലുണ്ടാക്കിയ ദുരിതമടക്കമുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. കാബൂള്‍ ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫറുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് എ എഫ് പി ഗ്ലോബല്‍ ന്യൂസ് ഡയറക്ടര്‍ മൈക്കല്‍ ലെറിന്‍ഡോണ്‍ പറഞ്ഞു.