Connect with us

National

തദ്ദേശീയരുടെ സുരക്ഷക്കായി കാശ്മീരിലേക്ക് എന്‍ എസ് ജി കമാന്റോകളും

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരില്‍ തീവ്രവാദി ആക്രമങ്ങളുണ്ടാകുമ്പോള്‍ സുരക്ഷാ സേനയെ സഹായിക്കാന്‍ ദേശീയ സുരക്ഷാ സേന(എന്‍ എസ് ജി)യുടെ ബ്ലാക്ക് കാറ്റ് കമാന്‍ഡോകളെ താഴ്‌വരയില്‍ ആഭ്യന്തര മന്ത്രാലയം വിന്യസിക്കുന്നു. സാധാരണക്കാരെ തീവ്രവാദികള്‍ മനുഷ്യകവചമാക്കുകയോ തദ്ദേശീയരെ ബന്ദിയാക്കുന്നത് പോലുള്ള അപകടകരമായ സാഹചര്യം നേരിടാന്‍ സൈന്യത്തിനും ജമ്മുകശ്മീര്‍ പൊലീസിനും കമാന്‍ഡോകളുടെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കരിമ്പൂച്ചകളെ വിന്യസിക്കാനുള്ള പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കറുത്ത യൂനിഫോം ധരിക്കുന്നതിനാലാണ് സേനയെ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ എന്ന് വിളിക്കുന്നത്.

കമാന്‍ഡോകളെ വിന്യസിക്കുന്നതിനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പൊലീസ് മേധാവി എസ് പി വൈദും വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഇനി പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.

നേരത്തെയും പ്രത്യേകം പരിശീലനം നേടിയ കമാന്‍ഡോകളെ താഴ്‌വരയില്‍ വിന്യസിച്ചിട്ടുണ്ട്. 2016ലെ പത്താന്‍കോട്ട് ആക്രമണം, മുംബൈ് ഭീകരാക്രമണം, 2002ലെ അക്ഷര്‍ധാം ആക്രമണം എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എന്‍.എസ്.ജി സംഘത്തെയാണ് കേന്ദ്രം നിയോഗിച്ചത്. എന്‍ എസ് ജിയുടെ കീഴിലുള്ള എച്ച് ഐ ടി ( ഹൗസ് ഇന്റര്‍വെന്‍ഷന്‍ ടീം) ആണ് സൈന്യത്തിന്റെ സഹായത്തിനായി കശ്മീരില്‍ എത്തുക. ആറ് പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് എച്ച് ഐ ടി നോണ്‍ കമ്മീഷണ്‍ഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നല്‍കുക. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് പരമാവധി അത്യാഹിതങ്ങള്‍ കുറച്ച് സാഹചര്യത്തെ നേരിടാന്‍ പ്രത്യേകം പരിശീലനം ലഭിച്ച വിഭാഗമാണ് എച്ച് ഐ ടിയുടേത്.

ഇന്ത്യന്‍ ആര്‍മിക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫിനും എന്‍.എസ്.ജി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.