Connect with us

Gulf

ഭാഷാ-സാംസ്‌കാരിക വിനിമയം ഷാര്‍ജാ യൂണിവേഴ്‌സിറ്റിയുമായി 'അലിഫ്' സഹകരണത്തിലേര്‍പെടും

Published

|

Last Updated

അലിഫ് വൈസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടില്‍ നിന്ന് കോപ്പി സ്വീകരിച്ച് ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ശൈഖ് റശാദ് മുഹമ്മദ് സാലിം അസ്സഖാഫയുടെ വരിക്കാരനായി ചേരുന്നു

ഷാര്‍ജ: അറബി ഭാഷാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അറബിക് ലാംഗ്വേജ് ഇന്‍പ്രൂവ്‌മെന്റ് ഫൗണ്ടേഷനും (അലിഫ്) ഷാര്‍ജയിലെ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയും വിവിധ മേഖലകളില്‍ സഹകരണത്തിലേര്‍പെടും.

മിഡില്‍ ഈസ്റ്റിലും ചൈനയുള്‍പ്പെടെ പ്രമുഖ വ്യാവസായിക രാജ്യങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വളര്‍ന്ന് വരുന്ന തലമുറക്ക് ഭാഷയുടെ ആധുനിക വ്യവഹാരങ്ങളില്‍ പരിശീലനവും പ്രാവീണ്യവും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അലിഫ് വൈസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ ചുള്ളിക്കോട് പറഞ്ഞു. അവികസിതവും വികസ്വരവുമായ രാജ്യങ്ങളില്‍ നിന്ന് ജോലി തേടി വിവിധ മേഖലകളില്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഭാഷാനൈപുണ്യക്കുറവ് കാരണം ഉന്നത തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണ്.

യൂണിവേഴ്സ്റ്റികള്‍ – കോളേജുകള്‍ എന്നിവ തമ്മിലുള്ള ഏകോപനം, വിദ്യാര്‍ഥികളുടെ ഉന്നത ഗവേഷണ പഠനം, ഹ്രസ്വകാല ഭാഷ കോഴ്‌സുകള്‍, സാഹിത്യ ശില്‍പശാലകള്‍, സാംസ്‌കാരിക സായാഹ്നങ്ങള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ അലിഫും ഖാസിമിയ്യയും തമ്മില്‍ സഹകരിക്കുമെന്നും അറിയിച്ചു.

ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചാന്‍സലര്‍ ഡോ. ശൈഖ് റഷാദ് മുഹമ്മദ് സാലിം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അലിഫ് സെക്രട്ടറി പ്രൊഫ. മഹ്മൂദ് വടകര, ഷാര്‍ജ അറബി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശൈഖ് അബ്ബാസ് അഹ്മദ്, ഇന്തോ-അറബ് മിഷന്‍ സെക്രട്ടറി ഡോ അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി ന്യൂഡല്‍ഹി, മര്‍കസ്-അലിഫ് യു എ ഇ കോര്‍ഡിനേറ്റര്‍ ഡോ. നാസിര്‍ വാണിയമ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest