വയറില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം; റാക് പോലീസ് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു

Posted on: April 30, 2018 8:57 pm | Last updated: April 30, 2018 at 8:57 pm

റാസ് അല്‍ ഖൈമ: ഹെറോയിന്‍ ഗുളികകള്‍ വിഴുങ്ങി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിച്ച ഏഷ്യക്കാരനെ റാസ് അല്‍ ഖൈമ പോലീസ് പിടികൂടി. റാസ് അല്‍ ഖൈമ വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരനായ യാത്രാകാരന്റെ കയ്യില്‍ നിന്നാണ് റാക് പോലീസ് 167 ഗുളികകള്‍ പിടികൂടിയത്. എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്യലില്‍ താന്‍ ഗുളികകള്‍ വിഴുങ്ങിയതായും യു എ ഇയില്‍ എത്തിച്ചു വില്പനക്കായാണ് ശ്രമമെന്നും പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഹോസ്പിറ്റലില്‍ എത്തിച്ചു ഗുളികകള്‍ പുറത്തെടുത്തു. കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസികൂഷ്യന് കൈമാറി. രണ്ട് കിലോ തൂക്കമുള്ള 167 ഹെറോയിന്‍ ഗുളികകള്‍ മയക്കുമരുന്ന് വിപണിയില്‍ ഏഴ് ലക്ഷം ദിര്‍ഹം വിലമതിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പറ്റി പോലീസിന് സൂചന ലഭിച്ചിരുന്നു. വിമാനത്താവളത്തിലെത്തുന്ന പ്രതിയെ വലയിലാക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രതിയുടെ ചലനങ്ങള്‍ സംഘം സസൂക്ഷമം വീക്ഷിച്ചു. പ്രതി കൂടുതല്‍ പേടിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. പ്രതിയുടെ ശരീര ഭാഷയില്‍ അസ്വാഭാവികത മനസ്സിലാക്കിയ അന്വേഷണ സംഘം പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയുടെ സ്വദേശത്തെ രണ്ട് പേര് വലിയൊരു തുക വാഗ്ദാനം ചെയ്തു യു എ ഇയിലേക്ക് ഗുളികകള്‍ കടത്തുന്നതിന്ന് പ്രേരിപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഗുളികകള്‍ വിഴുങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് റാക് പോലീസ് ആന്റി നാര്‍ക്കോട്ടിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദ്നാന്‍ അലി അല്‍ സഅബി പറഞ്ഞു. വയറില്‍ മയക്ക് മരുന്ന് ഗുളികകള്‍ ഒളിപ്പിച്ച നിലയില്‍ കള്ളക്കടത്തു നടത്തുന്നത് ഏറെ അപകടം വരുത്തുന്നതാണ്. ഇത്തരത്തില്‍ ഗുളികകള്‍ വഹിക്കുവര്‍ക്ക് മരണം വരെ സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്തുകാര്‍ മയക്ക് മരുന്നുകള്‍ കടത്തുന്നതിന് പ്രയോഗിക്കുന്ന നൂതന ആശയമാണിത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗരൂകരാകുന്നതും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണ രീതിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയുവാന്‍ കഴിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.