നേപ്പാളില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ സ്‌ഫോടനം

Posted on: April 30, 2018 11:05 am | Last updated: April 30, 2018 at 3:29 pm

കാട്മണ്ഡു: ഇന്ത്യന്‍ സഹായത്തോടെ കിഴക്കന്‍ നേപ്പാളില്‍ നടപ്പിലാക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ ബോംബ് സ്‌ഫോടനം. പദ്ധതിപ്രവര്‍ത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാന്‍ ആഴ്ചകള്‍ മാത്രമിരിക്കെയാണ് സ്‌ഫോടനം. കാട്മണ്ഡുവില്‍നിന്നും 500 കി.മി അകലെ തുംലിന്‍ഗ്റ്റര്‍ പ്രദേശത്തെ 900 മെഗാവാട്ട് വൈദ്യുതി ഉതാപാദന ശേഷിയുള്ള അരുണ്‍ 3 ജലവൈദ്യുത പദ്ധതി ഓഫീസ് കോംപൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്.

അജ്ഞാത സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ചീഫ് ജില്ലാ ഓഫീസര്‍ ശിവരാജ് ജോഷി പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് നിസാര നാശനഷ്ടങ്ങളുണ്ടായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അക്രമികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. സംഭവത്തെത്തുടര്‍ന്ന് ഇവിടത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ തറക്കല്ലിടല്‍ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് സ്‌ഫോടനം. അടുത്തമാസം 11ന് മോദി പദ്ധതി ഉദ്ഘാടനം ചെയ്യും. 2020ഓടെയാണ് പദ്ധതി ഉത്പാദനം തുടങ്ങുക.

പദ്ധതി സംബന്ധിച്ച കരാറില്‍ 2014 നവംബര്‍ 25നാണ് ഇന്ത്യയും നേപ്പാളും ഒപ്പ് വെക്കുന്നത്. നേപ്പാളിലെ ഇന്ത്യയുടെ സ്ഥലത്ത് ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ബിരാത് നഗറിലെ ഇന്ത്യന്‍ എംബസി പരിസരത്ത് ഈ മാസം 17ന് ഉണ്ടായ പ്രഷര്‍കുക്കര്‍ ബോംബ് സ്‌ഫോടനത്തില്‍ എംബസിയുടെ ചുറ്റുമതില്‍ തകര്‍ന്നിരുന്നു. ഇന്ത്യയുടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം വരുന്ന ജലവൈദ്യുത പദ്ധതിയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി ലഭ്യമാക്കാനാകും.