Connect with us

Kerala

മംഗലം- ഗോവിന്ദാപുരം ദേശീയ പാത പ്രാഥമിക സര്‍വേ പൂര്‍ത്തിയായി

Published

|

Last Updated

വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത വടക്കഞ്ചേരി- പൊള്ളാച്ചി ദേശീയ പാതയായി ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റ്‌കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ ലിമിറ്റഡ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വരി പാതയാക്കിയാണ് ഉയര്‍ത്തുന്നത്.

നെന്മാറ, കൊല്ലങ്കോട് ടൗണുകള്‍ ഒഴിവാക്കി ബൈപ്പാസ് വഴിയാണ് പുതിയ പാത നിര്‍മിക്കുന്നതിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ ഈ പാതയിലൂടെ പ്രതിദിനം 7000 മുതല്‍ 9200 വാഹനങ്ങളാണ് കടന്നുപോകുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. നാല് വരി പാതയാക്കി ഉയര്‍ത്തണമെങ്കില്‍ പ്രതിദിനം ശരാശരി 40,000 ത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകണം. അതിനാലാണ് നിലവിലുള്ള പാതയെ രണ്ട് വരി മാത്രമാക്കി നിജപ്പെടുത്തിയതെന്ന് കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ പ്രമോദ് പറഞ്ഞു. രണ്ട് വരി പാതക്ക് പരമാവധി 20 മീറ്റര്‍ വീതിയാണ് വേണ്ടത്.

15 മീറ്റര്‍ ഭാഗമാണ് ടാറിംഗ് നടത്തുന്നത്. ആവശ്യമായ ഫണ്ട് നല്‍കി നെന്മാറ, കൊല്ലങ്കോട് ബൈപാസ്സുകള്‍ അനുവദിച്ചതായി അറിഞ്ഞതോടെ ബൈപാസുകള്‍ വഴിയാണ് സാധ്യതാ പഠനം നടത്തിയത്. ടൗണുകള്‍ വഴിയും സര്‍വേകള്‍ നടത്തിയിരുന്നു. വളവും തിരിവും ഇല്ലാതെയുള്ള വഴിയാണ് പരിഗണിക്കുന്നത്. നിലവില്‍ 50 കി.മീ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. ഇത് 110 മുതല്‍ 150 കി.മീ വേഗത വരെയാക്കാനായി വളവ് നിവര്‍ത്താനാണ് ശ്രമം. ഇതിനായി ഡ്രോണ്‍ വഴിയാണ് ഉപഗ്രഹ സര്‍വേ നടത്തിയത്.

ഇതില്‍ 100 മുതല്‍ 200 മീറ്റര്‍ വീതിവരെയുള്ള ഭാഗം അടയാളപ്പെടുത്തും. ഇതു മുഴുവന്‍ റോഡിന് വേണ്ടിയല്ല. ഇതില്‍ നിന്നും വളവില്ലാതെ വരുന്ന 20 മീറ്റര്‍ മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ. നെന്മാറ ബൈപാസിന് ആറ് കിലോമീറ്ററാണെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.

മംഗലം- ഗോവിന്ദാപുരം പ്രധാനപാത ലിങ്ക് റോഡുകള്‍ വഴി ബൈപാസുമായി യോജിപ്പിക്കും. കൊല്ലങ്കോട് ബൈപാസ് സംബന്ധിച്ച് ഒരു കേസ് നിലവിലുണ്ട്. ഇത് ഉടന്‍ തീര്‍പ്പാകും. പാത സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രമോദ് വെളിപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന കമ്മിറ്റി അംഗവും വല്ലങ്ങി യൂനിറ്റ് പ്രസിഡന്റുമായ കെ കെ ഹരിദാസും ആര്‍ സുദേവന്‍ നെന്മാറയുമാണ് എറണാകുളത്തുള്ള കിറ്റ്‌കോ മാനേജരുമായി ചര്‍ച്ച നടത്തിയത്.

നെന്മാറ, കൊല്ലങ്കോട്, മുടപ്പല്ലൂര്‍ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ആശ്വാസമാകുന്നതാണ് വെളിപ്പെടുത്തലുകളെന്ന് ഹരിദാസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest