സണ്‍ നമ്പര്‍ വണ്‍

ആറാം ജയവുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
Posted on: April 30, 2018 6:12 am | Last updated: April 29, 2018 at 11:53 pm

ജയ്പുര്‍: ബൗളര്‍മാരുടെ ചിറകിലേറി ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ കുതിപ്പ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പതിനൊന്ന് റണ്‍സിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് ആറ് ജയം കുറിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റിന് 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കാന്‍ വില്ല്യംസണിന്റെ നായക മികവാണ് സണ്‍റൈസേഴ്‌സിന് ജയം സമ്മാനിച്ചത്. മലയാളി താരം ബേസില്‍ തമ്പിയെറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. രഹാനെയും ഗൗതവുമായിരുന്നു ക്രീസില്‍. ആദ്യ പന്ത് ബൗണ്ടറി കടത്തി ഗൗതം രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ബേസില്‍ തമ്പിയുടെ മികവുറ്റ ബൗൡഗും ഫീല്‍ഡിംഗും രാജസ്ഥാന്റെ ജയത്തിന് തടയിട്ടു. രഹാനെ 53 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ്‍ 30 പന്തില്‍ 40 റണ്‍സടിച്ചു. കൗളിന്റെ പന്തില്‍ സഞ്ജു പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് വന്ന ബെന്‍ സ്റ്റോക്‌സിനും (പൂജ്യം), ജോസ് ബട്‌ലറിനും (11), മഹിപാല്‍ ലോംറോറിനും (11) തിളങ്ങാന്‍ കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സിനായി കൗള്‍ രണ്ടും സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, റാഷിദ് ഖാന്‍, യൂസുഫ് പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണിന്റെയും (63) ഓപണര്‍ അലക്‌സ് ഹാലസിന്റെയും (45) ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
43 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്. വില്ല്യംസണ്‍ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 39 പന്ത് നേരിട്ട ഹാലസ് നാല് ബൗണ്ടറി നേടി. ശിഖര്‍ ധവാന്‍ (ആറ്), മനീഷ് പാണ്ഡെ (16), ഷാകിബല്‍ ഹസന്‍ (ആറ്), യൂസുഫ് പത്താന്‍ (രണ്ട്), സാഹ (11 നോട്ടൗട്ട്), റാശിദ് ഖാന്‍ (ഒന്ന്്), ബേസില്‍ തമ്പി (ഒന്ന് നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന.