Connect with us

International

ഉന്‍ കൂടുതല്‍ ഉദാരം

Published

|

Last Updated

സിയോള്‍: കൊറിയന്‍ ഉച്ചകോടിക്ക് ശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്ന ഉത്തര കൊറിയന്‍ പരമാധികാരി കിം ജോംഗ് ഉന്നിന്റെ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്ത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി വെള്ളിയാഴ്ച നടന്ന ഉച്ചകോടിക്കിടെ ആണവ വിഷയത്തില്‍ ഉന്‍ കൂടുതല്‍ ഉദാരനായെന്ന വിവരം ഇന്നലെ അദ്ദേഹത്തിന്റെ വക്താവ് യൂന്‍ യുംഗ് ചാനാണ് വെളിപ്പെടുത്തിയത്.

മെയില്‍ തന്നെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം പൂട്ടുമെന്ന് പ്രഖ്യാപിച്ച ഉന്‍, ഈ നടപടിക്രമങ്ങള്‍ നേരില്‍ക്കണ്ട് രാജ്യത്തിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും വിദഗ്ധരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം മാധ്യമ പ്രവര്‍ത്തകരെയും ഉന്‍ സ്വാഗതം ചെയ്തതായി യുംഗ് ചാന്‍ വ്യക്തമാക്കി.

“യു എസിന് ഇപ്പോഴും ഞങ്ങളോട് വിരോധം തോന്നുന്നുണ്ടാകാം. എന്നാല്‍, ഒരിക്കല്‍ ഞങ്ങളോട് സംസാരിച്ചാല്‍ അവര്‍ക്ക് മനസ്സിലാകും, ഞാന്‍ അമേരിക്കയെയോ ദക്ഷിണ കൊറിയയെയോ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കുന്ന ആളല്ലെന്ന്. യുദ്ധവും കടന്നുകയറ്റവും അവസാനിപ്പിക്കണം. എന്തിനാണ് ആണവായുധങ്ങളുമായി ഇങ്ങനെ ജീവിക്കുന്നത്?- ഉന്‍ പറഞ്ഞതായി യുംഗ് ചാന്‍ വെളിപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന കൊറിയന്‍ ഉച്ചകോടിയില്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ധാരണയായിരുന്നു. കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനും ഉത്തര- ദക്ഷിണ കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ സമാധാന ഉടമ്പടി ഒപ്പുവെക്കാനാണ് ഇരു കൊറിയകളുടെയും തീരുമാനം.

മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ സാധ്യമാകുമെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ച കിം ജോംഗ് ഉന്‍ കൂടിക്കാഴ്ചക്ക് കൂടുതല്‍ “മധുരം” പകരുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഉന്നിന്റെ വാക്കുകള്‍. വലിയ സമാധാന ദൂതനായി സ്വയം വിലയിരുത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ആക്കം പകരുന്നത് കൂടിയാകും ഈ സംഭവ വികാസങ്ങള്‍. ആണവായുധ ഭീഷണി മുഴക്കിയിരുന്ന രാജ്യത്തെ തനിക്ക് അനുനയിപ്പിക്കാന്‍ സാധിച്ചുവെന്ന തരത്തിലാകും ട്രംപിന്റെ ഇനിയുള്ള നീക്കങ്ങള്‍.

ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് ഒരാഴ്ച മുമ്പ് ഉന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ദക്ഷിണ കൊറിയക്കും അമേരിക്കക്കും മാത്രമല്ല, ലോകത്തിന് തന്നെ അനുകൂലമാണ് ഉത്തര കൊറിയയുടെ തീരുമാനം.”
ഉന്‍ നടത്തിയ വാക് പോരിനോട് അതേ നാണയത്തില്‍ പ്രതികരിച്ച് ഉത്തര കൊറിയക്ക് മേല്‍ പരമാവധി സമ്മര്‍ദം ഉണ്ടാക്കുന്ന തന്ത്രമാണ് ട്രംപ് ആദ്യം മുതല്‍ കൈക്കൊണ്ടത്. അതിന് ദക്ഷിണ കൊറിയയെ കൂട്ടുപിടിക്കുകയും ചെയ്തു. ആഗോള ഉപരോധം അടക്കമുള്ള കടുത്ത നടപടികള്‍ക്കും യു എസ് ശ്രമിച്ചിരുന്നു. “മാസങ്ങള്‍ക്ക് മുമ്പ് വരെ ആണവയുദ്ധം എന്ന് ഭീഷണി മുഴക്കിയിരുന്ന കിം ജോംഗ് ഉന്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു” എന്ന്, കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ തന്റെ അനുയായികള്‍ക്ക് മുന്നില്‍ ട്രംപ് പ്രസംഗിച്ചതും ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്.

Latest