Connect with us

Gulf

ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവം: പ്രതിക്കായി ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

Published

|

Last Updated

ഷാര്‍ജ: യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാന്‍ ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. പ്രതി സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിവരം. നാല്‍പ്പതുകാരനാണു പ്രതി. ഇസ്മയില്‍ എന്നാണ് പേര്. ഹൈദരാബാദ് സ്വദേശിയാണ്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖ് (36) ആണ് കൊല്ലപ്പെട്ടത്.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഇന്റര്‍പോളിനോട് സഹായാഭ്യര്‍ഥന നടത്തിയെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി പറഞ്ഞു. ഇന്ത്യന്‍ പോലീസുമായി ഷാര്‍ജ പോലീസിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കണം.

യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍നാണ്കേസ് അന്വേഷണം. പോലീസ് നടത്തിയ പരിശോധനയില്‍, അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു മാസത്തെ പഴക്കമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്കു മാറ്റി. വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പോലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തറയിലെ ചില ടൈലുകള്‍ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ടു മക്കളോടൊപ്പം ഭര്‍ത്താവ് ഇന്ത്യയിലേക്കു കടന്നതായാണ് പോലീസിന്റെ നിഗമനം. വീട് വാടകക്ക് എന്ന ബോര്‍ഡ് പുറത്തു തൂക്കിയിരുന്നു. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു.

എന്നാല്‍ ദിവസങ്ങളായി ഫോണ്‍ വിളിക്കാതായതോടെ ഷാര്‍ജയില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്‍പതിനു പോലീസില്‍ പരാതി നല്‍കി.

---- facebook comment plugin here -----

Latest