ബിജെപിക്ക് മധ്യപ്രദേശ് ഗവര്‍ണറുടെ വഴിവിട്ട ഉപദേശം: കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു

Posted on: April 29, 2018 9:44 am | Last updated: April 29, 2018 at 10:32 am

ഭോപ്പാല്‍: തിരഞ്ഞെടുപ്പില്‍ വോട്ട് സ്വരൂപിക്കാനുള്ള സൂത്രങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് ഉപദേശിച്ച് നല്‍കുന്ന മധ്യപ്രദേശ് ഗവര്‍ണറുടെ വീഡിയോ വൈറലായി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ നടപടിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. സാത്‌ന വിമാനത്താവളത്തില്‍വെച്ച് വെള്ളിയാഴ്ചയാണ് ബിജെപി ജില്ലാപ്രസിഡന്റ് നരേന്ദ്ര ത്രിപാഠി, മേയര്‍ മംമത് പാണ്ഡെ എന്നിവര്‍ക്ക് ഗവര്‍ണര്‍ വിവാദ തന്ത്രങ്ങള്‍ പറഞ്ഞ് കൊടുത്തത്.

വോട്ട് ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലെന്നും , നിങ്ങള്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ വീട്ടില്‍ പോയി അവര്‍ക്കൊപ്പം ഇരിക്കുകയും മടിയിലിരുത്തുകയുമൊക്കെ ചെയ്താലേ വോട്ടു ലഭിക്കുവെന്നാണ് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രികൂടിയായ ആനന്ദിബെന്‍ പട്ടേല്‍ നേതാക്കളെ ഉപദേശിക്കുന്നത്. ഗവര്‍ണര്‍ ബിജെപിക്കായി പരസ്യമായി രംഗത്തിറങ്ങിയത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷം അവസാനത്തോടെയാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.