മാണിയെച്ചൊല്ലി എല്‍ ഡി എഫില്‍ തര്‍ക്കം; കാനത്തിനെതിരെ കോടിയേരി

Posted on: April 28, 2018 6:20 am | Last updated: April 27, 2018 at 11:18 pm

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാണിയെച്ചൊല്ലി എല്‍ ഡി എഫില്‍ പോര് മുറുകുന്നു. ജയിക്കാന്‍ എല്‍ ഡി എഫിന് എല്ലാവരുടെയും വോട്ട് വേണമെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കെ എം മാണിയുടെ വോട്ട് എല്‍ ഡി എഫിന് വേണ്ടെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ശേഷി മാണിയുടെ കേരളാ കോണ്‍ഗ്രസിനില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചാവിഷയമായി. മറ്റൊരു സി പി ഐ നേതാവായ ബിനോയ് വിശ്വവും മാണിക്കെതിരെ രംഗത്തു വന്നു.

കാനത്തെ കെ എം മാണി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. തുടര്‍ന്ന് സി പി എമ്മും കാനത്തിനെതിരായ നിലപാടെടുത്തു. മാണിയില്ലാതെയാണ് മുമ്പ് ചെങ്ങന്നൂരില്‍ മുന്നണി ജയിച്ചിട്ടുള്ളതെന്നും യു ഡി എഫില്‍ നിന്ന് പിണങ്ങിവരുന്നവരെ എടുക്കാനല്ല എല്‍ ഡി എഫ് എന്നും കാനം പറഞ്ഞിരുന്നു. എന്നാല്‍ കാനത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കേരളാ കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ എം മാണി ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയാണ് കാനത്തിന്റെ ലക്ഷ്യമെന്ന് തുറന്നടിച്ചു. കേരളാ കോണ്‍ഗ്രസിലൂടെ കാനം ലക്ഷ്യമിടുന്നത് സി പി എമ്മിനെ കൂടിയാണ്. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാട്. ചെങ്ങന്നൂരില്‍ സി പി എം തോറ്റാല്‍ സി പി ഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. അതറിയാവുന്നത് കൊണ്ടാണ് സി പി എം സ്ഥാനാര്‍ഥി തോല്‍ക്കണമെന്ന് കാനം ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സി പി എമ്മിനേയും തകര്‍ക്കാമെന്നണ് കാനം കരുതുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മാണി പറഞ്ഞു.
അതേസമയം, കാനത്തിന്റെ പ്രസ്താവനയെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളില്‍ ഘടകകക്ഷികള്‍ പ്രസ്താവന നടത്തരുതെന്ന് കോടിയേരി പറഞ്ഞു. ആരുടെ പിന്തുണ സ്വീകരിക്കണമെന്ന് എല്‍ ഡി എഫ് സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുക. തിരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. യു ഡി എഫിനോട് അതൃപ്തിയുള്ളവരുടെ വോട്ട് വേണ്ടെന്ന് വെക്കേണ്ട കാര്യമെന്താണെന്നും കോടിയേരി ചോദിച്ചു.

അതിനിടെ, മാണിക്ക് ചെങ്ങന്നൂരില്‍ നല്ല സ്വാധീനമാണുള്ളതെന്ന് സി പി എം സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളല്ലാത്തവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാണിയുടെ പാര്‍ട്ടിയുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് യു ഡി എഫിന്.