Connect with us

International

ഉന്നിനെ അതിര്‍ത്തി മുറിച്ചു കടത്തിയത് മൂണിന്റെ നിലപാടുകള്‍

Published

|

Last Updated


ഉത്തര കൊറിയന്‍ നേതാക്കളും ദക്ഷിണ കൊറിയന്‍ നേതാക്കളും കൂടിക്കാഴ്ചക്കിടെ

സിയൂള്‍: അമേരിക്കന്‍ സമ്മര്‍ദത്തെ ചെറുത്തു തോല്‍പ്പിച്ച് ഉത്തര, ദക്ഷിണ കൊറിയകള്‍ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലേക്ക് നടക്കുമ്പോള്‍ തിളങ്ങി നില്‍ക്കുന്നത് മൂണ്‍ ജെ ഇന്നിന്റെ നിലപാടുകള്‍. ഉ. കൊറിയന്‍ നേതാവിനെ അതിര്‍ത്തി കടന്ന് വരാന്‍ പ്രേരിപ്പിച്ചതും ചര്‍ച്ചക്ക് വഴിയൊരുക്കിയതും കഴിഞ്ഞ മെയില്‍ ദ. കൊറിയയില്‍ പ്രസിഡന്റായി അധികാരമേറ്റ മൂണ്‍ ജെ ഇന്നിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളാണ്. ഉത്തര കൊറിയയില്‍ നിന്ന് അഭയാര്‍ഥികളായി ദക്ഷിണ കൊറിയയില്‍ എത്തിയവരുടെ പിന്‍മുറക്കാരനാണ് മൂണ്‍ ജെ ഇന്‍. 1970കളില്‍ വിദ്യാര്‍ഥിയായിരിക്കെ സ്വേച്ഛാധിപത്യ, പട്ടാള ഭരണത്തിനെതിരായ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. അതോടെ രാഷ്ട്രീയത്തില്‍ സജീവമായി. ഇടക്ക് സൈനിക സേവനത്തിന് പോയി. ഉത്തര കൊറിയക്കെതിരായ യുദ്ധത്തില്‍ പങ്കെടുത്തു. അവിടെ നിന്ന് തിരിച്ചെത്തിയത് തികഞ്ഞ യുദ്ധവിരുദ്ധനായാണ്. നിയമ ബിരുദം നേടി. നിയമജ്ഞാനം പോരാട്ടത്തിന്റെ ഉപാധിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം നിയമ സഹായവുമായെത്തിയതോടെ മനുഷ്യാവകാശ അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനായി.

  • ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ
    ആശ്ലേഷിക്കുന്നു

    വടക്കന്‍ കൊറിയയുമായി യുദ്ധത്തിന് പകരം സമവായത്തിന്റെ ഭാഷയാണ് അഭികാമ്യമെന്ന് വാദിച്ച മുന്‍ പ്രസിഡന്റ് റോഹ് മൂ ഹ്യൂനുമായി അടുത്ത ബന്ധമുണ്ടായിരുന്നു മൂണ്‍ ജെക്ക്. അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചു. ഉത്തര കൊറിയയെ സഹായിക്കുന്നുവെന്ന ഗുരുതരമായ ആരോപണത്തില്‍ മനം നൊന്ത് റോഹ് മൂ ഹ്യൂന്‍ ആത്മഹത്യ ചെയ്തത് മൂണ്‍ ജെക്ക് വലിയ ആഘാതമായി. ഉ. കൊറിയയുമായി സമാധാനത്തിന്റെ സാധ്യതകള്‍ തേടുന്ന “സണ്‍ഷൈന്‍ പോളിസി” ഇതോടെ അസ്തമിക്കുമെന്ന് മൂണ്‍ ആശങ്കപ്പെട്ടു. ഈ ആശങ്കയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. 2012ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും മുന്‍ പട്ടാള ഭരണാധികാരി പാര്‍ക് ചുംഗ് ഹെയുടെ മകളും യഥാസ്തിക സായിനൂരി പാര്‍ട്ടിയുടെ നേതാവുമായ പാര്‍ക് ഗ്യൂന്‍ ഹെയ്‌യോട് തോറ്റു. ഇതേ പാര്‍ക്ക് ഗ്യൂന്‍ ഹെയ് അഴിമതിക്കേസില്‍ പെട്ടതോടെ 2016ല്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് മൂണ്‍ ജെ ഉയര്‍ന്നു വന്നു. ഒടുവില്‍ പാര്‍ക് ഗ്യൂന്‍ ഹെയ് ഇംപീച്ച് ചെയ്യപ്പെട്ടു. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് മൂണ്‍ ജെ ഇന്‍ ഉജ്ജ്വല വിജയം നേടിയത്.

പ്രഖ്യാപനങ്ങളിലെ പ്രധാനപ്പെട്ടവ

  • കൊറിയന്‍ ഉപദ്വീപ് പൂര്‍ണമായും ആണവമുക്തമാകുന്നതിന് ഇരു രാജ്യങ്ങളും സംയുക്തമായി മുന്നേറും.
  • മെയ് ഒന്ന് മുതല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗവും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കും.
  • അമേരിക്കയും ചൈനയും ഉള്‍പ്പെടുന്ന ചര്‍ച്ചകളെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കും.
  • ഇരു രാജ്യങ്ങളും ഒന്നിച്ചുമുന്നേറുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
  • വരുന്ന ആഗസ്റ്റ് 15ന് ഇരു രാജ്യങ്ങളിലും കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കും.
  • ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ അടുത്തുതന്നെ ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തും.

പ്രസിഡന്റ് പദവി ഏറ്റെടുത്തയുടന്‍ അദ്ദേഹം പറഞ്ഞത് ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാണ്. വേണമെങ്കില്‍ ഉ. കൊറിയന്‍ ഭരണാധികാരി ഉന്നുമായി നേരിട്ടുള്ള ചര്‍ച്ചക്ക് പ്യോംഗ്‌യാംഗിലേക്ക് പോകാമെന്ന് 64കാരനായി മൂണ്‍ വ്യക്തമാക്കിയിരുന്നു. ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. സമവായത്തിന്റെ സണ്‍ഷൈന്‍ പോളിസിയുമായി മുന്നോട്ട് പോകും. ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായ കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് തുറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തര കൊറിയന്‍ ഭാഗത്താണ് പാര്‍ക്ക്. ഇവിടെ സാധാരണ തൊഴിലാളികള്‍ അടക്കം 52,000 ദക്ഷിണ കൊറിയക്കാര്‍ ഉണ്ട്.

ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദത്തിന് അമേരിക്കയുമായുള്ള ബന്ധം തടസ്സമാകുമെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. പ്രസിഡന്റായ ശേഷം യു എസുമായുള്ള ബന്ധം കരുതലോടെയാണ് മൂണ്‍ ജെ ഇന്‍ മുന്നോട്ട് കൊണ്ടു പോയത്. അമേരിക്ക ദക്ഷിണ കൊറിയയില്‍ വിന്യസിച്ച വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം അദ്ദേഹം നിര്‍ത്തി വെച്ചു.

ഇരു കൊറിയകളിലുമായി ഒറ്റപ്പെട്ടുപോയവരുടെ സമാഗമത്തിന് 2004ല്‍ അവസരമൊരുങ്ങിയപ്പോള്‍ മാത്രമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പിരിഞ്ഞ മാതാപിതാക്കളെ മൂണ്‍ കാണുന്നത്. അന്ന് അദ്ദേഹം അനുഭവിച്ച അതേ വികാരത്തള്ളിച്ചയോടെയാണ് ഇന്നലെ ഉത്തര കൊറിയന്‍ നോതാവിനെ മൂണ്‍ സ്വീകരിച്ചത്.

ഉച്ചകോടിക്കെതിരെ പ്രതിഷേധ റാലിയും

സിയൂള്‍: ദക്ഷിണ കൊറിയയിലെ പാജുവില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി നടത്തുന്ന കൂടിക്കാഴ്ചക്കെതിരെ പ്രതിഷേധറാലി നടന്നു. ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ കൂടിക്കാഴ്ച റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. എന്നാല്‍ ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും ഉച്ചകോടിയെയും കൂടിക്കാഴ്ചയെയും സ്വാഗതം ചെയ്ത് നിരവധി പ്രകടനങ്ങള്‍ നടന്നു.

സ്വാഗതം ചെയ്ത് ലോക നേതാക്കള്‍

ലണ്ടന്‍/സിയൂള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയെ ബ്രിട്ടന്‍ സ്വാഗതം ചെയ്തു. ചരിത്രപരമായ കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ ക്രിയാത്മകമായ പുരോഗതിയെ സ്വാഗതം ചെയ്യുന്നതായും ഉത്തര കൊറിയ മുന്നോട്ടുവെച്ച തീരുമാനങ്ങളോട് ക്രിയാത്മകമായി വര്‍ത്തിക്കാന്‍ ആ രാജ്യത്തിന് സാധിക്കണമെന്നും ആണവ നിരായുധീകരണത്തിലേക്ക് ഉറച്ച ചുവടുകള്‍ വെക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉച്ചകോടി ഇവിടെ അവസാനിക്കരുത്. അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് ഉത്തര കൊറിയയെ നിരായുധീകരിക്കുന്നത് വരെ നിലവിലെ ഉപരോധവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറിയന്‍ നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയെന്നത് ആവേശം നല്‍കുന്ന വാര്‍ത്തയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.

ഉത്തര കൊറിയ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഉറച്ച കാല്‍വെപ്പുകള്‍ അനിവാര്യമാണ്. ആണവരഹിത ഉത്തര കൊറിയ എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നത് വരെ ജപ്പാന്‍ ഈ ശ്രമത്തില്‍ നിന്ന് പിന്തിരിയില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.