Connect with us

National

വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേട്

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. 7000 കള്ളവോട്ടര്‍മാര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. യെലഹങ്ക, ദാസറഹള്ളി, ശാന്തി നഗര്‍, കെ ആര്‍ പുരം എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലാണ് കൃത്രിമം നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ബി ബി എം പി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് കൃത്രിമം നടത്തിയതായി തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കള്ള പേരുകള്‍ പട്ടികയില്‍ ചേര്‍ത്തത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം വഴിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

253 കള്ള വോട്ടര്‍മാരുടെ പേര്് പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദാസറഹള്ളി മണ്ഡലത്തിലെ ഉദ്യോഗസ്ഥന്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ബി ബി എം പി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കള്ളവോട്ടര്‍മാരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്ന് കണ്ടെത്തി. 2154 കള്ള പേരുകളാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയത്. യെലഹങ്കയില്‍ മാത്രം 1573 പേരുകളാണ് ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ട പേരുകളെല്ലാം പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 12നാണ് തിരഞ്ഞെടുപ്പ്.

പരീക്ഷണത്തിന്
പുതിയ വോട്ടിംഗ് യന്ത്രം

ബെംഗളൂരു: അടുത്ത മാസം നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടിംഗ് യന്ത്രം പരീക്ഷിക്കാനൊരുങ്ങി തിര. കമ്മീഷന്‍. ഏഴ് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുതിയ തരം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) ഉപയോഗിക്കുന്നത്. ബെംഗളൂരു സെന്‍ട്രലിലെ രാജരാജേശ്വരി നഗര്‍, ശിവാജി നഗര്‍, ശാന്തി നഗര്‍, ഗാന്ധി നഗര്‍, രാജാജി നഗര്‍, ചാമരാജ്‌പേട്ട്, ചിക്ക്‌പേട്ട് എന്നീ മണ്ഡലങ്ങളാണിവ.

മൂന്നാം തലമുറ വോട്ടിംഗ് യന്ത്രങ്ങള്‍ എന്നറിയപ്പെടുന്ന എം 3 മോഡലാണ് പരീക്ഷിക്കുകയെന്ന് സംസ്ഥാന കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. നിലവിലെ എം 2 മോഡലിനേക്കാള്‍ കനത്ത സുരക്ഷയാണ് എം 3 ല്‍ ഒരുക്കിയിരിക്കുന്നത്. ഇത് വിജയിച്ചാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവനും എം 3 യന്ത്രങ്ങള്‍ ഉപയോഗിക്കും.

വോട്ടിംഗ് യന്ത്രത്തിന്റെ ഭാഗമായ 2710 ബാലറ്റിംഗ് യൂനിറ്റും 2260 കണ്‍ട്രോള്‍ യൂനിറ്റുകളും ഒപ്പം 2350 വി വി പാറ്റ് (വോട്ടുരസീത്) യന്ത്രങ്ങളുമാണ് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. കര്‍ണാടകയില്‍ ഇവയുടെ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയായി. നിലവിലെ വോട്ടിംഗ് യന്ത്രങ്ങളേക്കാള്‍ കനം കുറഞ്ഞതും നീളമേറിയതുമാണ് എം 3.

നിലവിലെ വോട്ടിംഗ് യന്ത്രത്തില്‍ നാല് ബാലറ്റിംഗ് യൂനിറ്റുകള്‍ ഘടിപ്പിക്കാന്‍ കഴിയും. (64 സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍). അതുപോലെ തന്നെ വോട്ടിംഗ് യന്ത്രം ആരെങ്കിലും അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാവും.

ഹാര്‍ഡ്‌വെയറിലോ സോഫ്റ്റ്‌വെയറിലോ എന്തെങ്കിലും മാറ്റം വന്നാല്‍ ഉടന്‍ തിരിച്ചറിയാനാകും. 2013ലാണ് എം3 വോട്ടിംഗ് യന്ത്രങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 2000 കോടി രൂപയാണ് ഇതിനു വേണ്ടി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

 

Latest