ദുബൈയില്‍ വന്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ ഇന്ത്യന്‍ വ്യവസായികള്‍

Posted on: April 26, 2018 10:36 pm | Last updated: April 26, 2018 at 10:36 pm
മുംബൈയില്‍ സംഘടിപ്പിച്ച ദുബൈ എഫ് ഡി ഐ ഇന്ത്യ ബിസിനസ് മീറ്റില്‍ നിന്ന്

ദുബൈ: ദുബൈയില്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ഇന്ത്യയില്‍ നിരവധി വ്യവസായികള്‍ ദുബൈയിലെ പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ മോറിസണ്‍ മേനോന്‍ മുംബൈയില്‍ ദുബൈ എഫ് ഡി ഐ ഇന്ത്യ ബിസിനസ് മീറ്റ്-2018 സംഘടിപ്പിച്ചപ്പോഴാണ് ഇത് വ്യക്തമായത്.
ബിസിനസ് മീറ്റിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് എഫ് ഡി ഐ ആകര്‍ഷിക്കുക എന്നതായിരുന്നു. ഇതുവരെ ദുബൈയില്‍ നിക്ഷേപിക്കാത്ത എന്നാല്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ള പ്രമുഖരെയും പുതുതലമുറയിലെ ബിസിനസുകാരെയും ഈ മീറ്റിന്റെ ഭാഗമാക്കി.
ഇതുകൂടാതെ മുന്‍നിര ഓഡിറ്റര്‍മാരും അഭിഭാഷകരും ബിസിനസ് ഉപദേഷ്ടാക്കളും മീറ്റില്‍ പങ്കെടുത്തു. ഇന്ത്യയിലെ യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് സ്വാലിഹ് അഹ്മദ് അല്‍ തുനൈജി മുഖ്യാതിഥിയായിരുന്നു.

ദുബൈ എഫ് ഡി ഐ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ വിഭാഗം ഡയറക്ടര്‍ ഇബ്‌റാഹീം അഹലി ‘ദുബൈ അഡ്വന്റേജ്’ എന്ന വിഷയം അവതരിപ്പിച്ചു. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ലഭ്യമായ അവസരങ്ങള്‍, ദുബൈയിലെ പുതിയ വികസനങ്ങള്‍, ഭാവിയിലെ നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മോറിസണ്‍ മേനോന്‍ ഗ്രൂപ്പ് സി ഇ ഒ ഖാലിദ് അല്‍ ശംസ് സംബന്ധിച്ചു. ‘ഡൂയിംഗ് ബിസിനസ് ഇന്‍ ദുബൈ ആന്‍ഡ് ദുബൈ ഫ്രീ ട്രേഡ് സോണ്‍’ എന്ന വിഷയത്തില്‍ മോറിസണ്‍ മേനോന്‍ സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവിയുമായ സുധീര്‍ കുമാര്‍ സംസാരിച്ചു.