ചെങ്ങന്നൂര്‍: കാത്തിരിപ്പിന് വിരാമമായി; തിരഞ്ഞെടുപ്പ് മെയ് 28ന്

ഫലം 31ന്
Posted on: April 26, 2018 8:11 pm | Last updated: April 27, 2018 at 11:20 am

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 31ന്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇന്നലെ മുതല്‍ ആലപ്പുഴ ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി പത്തിനാണ്. സൂക്ഷ്മ പരിശോധന 11ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14നാണ്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്ന വി വി പാറ്റ് സംവിധാനത്തോടെയുള്ള വോട്ടിംഗ് യന്ത്രമാണ് ചെങ്ങന്നൂരില്‍ ഉപയോഗിക്കുക.

 

മെയ് 3 – വിജ്ഞാപനം
മെയ് 10 – പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി
മെയ് 11 – സൂക്ഷ്മ പരിശോധന
മെയ് 14 – പിന്‍വലിക്കാനുള്ള അവസാന തിയ്യതി
മെയ് 28 – തിരഞ്ഞെടുപ്പ്
മെയ് 31 – വോട്ടെണ്ണല്‍

രാവിലെ എട്ട് മുതല്‍ അഞ്ച് വരെയാണ് പോളിംഗ്. 164 പോളിംഗ് ബൂത്തുകളിലായി 1,88,702 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എന്‍ ആര്‍ ഐ വോട്ട് ചെങ്ങന്നൂരില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 228 എന്‍ ആര്‍ ഐക്കാരാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

സി പി എമ്മിലെ കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തോടെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് വേദിയാകുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി മുന്നണി സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. സി പി എമ്മിലെ സജിചെറിയാന്‍, കോണ്‍ഗ്രസിലെ അഡ്വ. വിജയകുമാര്‍, ബി ജെ പിയിലെ അഡ്വ. പി എസ് ശ്രീധരന്‍പിള്ള എന്നിവരാണ് യഥാക്രമം എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ഥികള്‍.