കൊലപാതകം നടത്തി മുങ്ങി; തിരിച്ചെത്തിയപ്പോള്‍ പിടികൂടി

Posted on: April 25, 2018 10:39 pm | Last updated: April 25, 2018 at 10:39 pm

ദുബൈ: 14 വര്‍ഷം മുന്‍പ് കൊലപാതകം നടത്തി മുങ്ങിയ പ്രതി ദുബൈയില്‍ തിരിച്ചെത്തിയപ്പോള്‍ പിടികൂടി. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2003ല്‍ ആണ് പാക്കിസ്ഥാന്‍ സ്വദേശി മറ്റു രണ്ടുപേര്‍ക്കൊപ്പം വ്യവസായിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ ശേഷം കൊലപ്പെടുത്തി സ്വന്തം നാട്ടിലേക്ക് പോയത്. രണ്ട് കൂട്ടുപ്രതികള്‍ക്ക് നേരത്തെ തന്നെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 15 ദിവസത്തിനകം പ്രതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം.

വടിയും കത്തിയും ഉപയോഗിച്ച് വ്യവസായിയെ മര്‍ദിച്ച് 3,000 ദിര്‍ഹം പണമായും എ ടി എം കാര്‍ഡും മോഷ്ടിച്ചു. പാക്കിസ്ഥാന്‍ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ തനിച്ചുള്ള സമയം നോക്കിയാണ് ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട സംഘം അക്രമം നടത്തിയത്. 2004 ഏപ്രിലില്‍ ദുബൈ പ്രാഥമിക കോടതി മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം ജയില്‍ ശിക്ഷയും അതിനുശേഷം നാടുകടത്താനും ഉത്തരവിട്ടിരുന്നു. കൃത്യം നടത്തി ഉടന്‍ തന്നെ ഇപ്പോള്‍ പിടിയിലായ പ്രതി നാടു വിട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കുറ്റം നിഷേധിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധു നല്‍കിയ വിവരങ്ങളാണ് പ്രതികളെ പിടിക്കാന്‍ സഹായിച്ചത്.