പൊതുഗതാഗത സംവിധാനത്തിന് കുതിപ്പേകാന്‍ ദുബൈ യൂറോ 6 എന്‍ജിന്‍ ബസുകള്‍ വാങ്ങുന്നു

  • 143 ഡീലക്‌സ് വോള്‍വോ, 79 ഡബിള്‍ ഡെക്ക് മാന്‍, 94 മീഡിയം ഒപ്റ്റയര്‍ ബസുകള്‍
  • ബസുകളില്‍ സൗജന്യ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സംവിധാനവും
  • മധ്യപൗരസ്ത്യ, ആഫ്രിക്കന്‍ മേഖലയില്‍ പൊതുഗതാഗത മേഖലയില്‍ ആദ്യമായി യൂറോ 5, യൂറോ 6 എന്‍ജിന്‍ ബസുകള്‍
Posted on: April 25, 2018 10:12 pm | Last updated: April 25, 2018 at 10:12 pm
ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റൂസിയാനും യുണൈറ്റഡ് മോട്ടോര്‍സ് ആന്‍ഡ് ഹെവി എക്യുപ്‌മെന്റ് കമ്പനി എല്‍ എല്‍ സി സി ഇ ഒ ഖലീഫ സൈഫ് ദര്‍വീശ് അല്‍ കെത്ബിയും ധാരണാപത്രം ഒപ്പുവെക്കുന്നു

ദുബൈ: എമിറേറ്റിലെ പൊതുഗതാഗത നിരയിലേക്ക് അന്താരാഷ്ട്ര നിലവാരമുള്ള കൂടുതല്‍ ബസുകളെത്തുന്നു. കുറഞ്ഞ കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്ന വിവിധ വലിപ്പത്തിലുള്ള 316 ബസുകളാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എ വാങ്ങുന്നത്. മിന ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സിബിഷന്‍-2018ല്‍ ഇതുസംബന്ധിച്ച് ധാരണയായി. മധ്യപൗരസ്ത്യ-ആഫ്രിക്കന്‍ മേഖലയില്‍ പൊതുഗതാഗത മേഖലയില്‍ യൂറോ 5, യൂറോ 6 എന്‍ജിനുകളോടുകൂടിയ ആദ്യ ബസുകളായിരിക്കും ഇത്. 46.5 കോടി ദിര്‍ഹം ചെലവഴിച്ചാണ് ബസുകള്‍ വാങ്ങുന്നത്.

ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായറിന്റെയും ഫാംകോ സി ഇ ഒ നൈജല്‍ ജോണ്‍സന്റെയും സാന്നിധ്യത്തില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റൂസിയാനും യുണൈറ്റഡ് മോട്ടോര്‍സ് ആന്‍ഡ് ഹെവി എക്യുപ്‌മെന്റ് കമ്പനി എല്‍ എല്‍ സി സി ഇ ഒ ഖലീഫ സൈഫ് ദര്‍വീശ് അല്‍ കെത്ബിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ബസുകള്‍

ദുബൈയില്‍ നിന്ന് അബുദാബിയിലേക്കും വടക്കന്‍ എമിറേറ്റുകളിലേക്കുമുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ വിപുലപ്പെടുത്താന്‍ 143 ഡീലക്‌സ് വോള്‍വോ ബസുകളുണ്ടാകും.

കൂടുതല്‍ യാത്രക്കാരുള്ള നഗരപ്രദേശങ്ങളിലേക്ക് 79 ഡബിള്‍ ഡെക്ക് മാന്‍ ബസുകള്‍ സര്‍വീസ് നടത്തും.
താമസയിടങ്ങളെ ബന്ധിപ്പിച്ച് 94 മീഡിയം ഒപ്റ്റയര്‍ ബസുകളും സര്‍വീസ് നടത്തും.

ഇന്റര്‍സിറ്റി വോള്‍വോ

യൂറോ 6 എന്‍ജിനായിരിക്കും ഈ ബസിന്. 55 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഭിന്നശേഷിക്കാര്‍ക്ക് ബസിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും ഓട്ടോമാറ്റിക് സംവിധാനമുണ്ടാകും. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ യു എസ് ബി പോര്‍ടല്‍, സുരക്ഷിതമായി കാല്‍ വെക്കാന്‍ ഫൂട്‌റെസ്റ്റ്, കപ് ഹോള്‍ഡര്‍ എന്നിവയുമുണ്ടാകും.

ഡബിള്‍ ഡെക്ക് മാന്‍

നൂറ് പേര്‍ക്കാണിതില്‍ യാത്ര ചെയ്യാനാവുക. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ യു എസ് ബി പോര്‍ടലുമുണ്ടാകും.
ഡക്കുകള്‍ക്കിടയില്‍ യാത്രക്കാര്‍ സുഗമമായി കടന്നുപോകാന്‍ തരത്തില്‍ ആധുനിക മാതൃകയില്‍ നിര്‍മിച്ച ബസാണിത്. ഭിന്നശേഷിക്കാര്‍ക്ക് മികച്ച സൗകര്യവുമുണ്ടാകും.

ഇടത്തരം ഒപ്റ്റയര്‍

ആര്‍ ടി എ പൊതുഗതാഗത സേവനത്തില്‍ പുതുതായാണ് ഇത്തരത്തിലുള്ള ബസുകള്‍ വരുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് സുഗമമായ സഞ്ചാരത്തിനായാണ് ഈ ബസുകള്‍ ഉപയോഗിക്കുക. ഓരോ ബസിലും 33 പേര്‍ക്ക് സഞ്ചരിക്കാം. ഡീലക്‌സ് സീറ്റുകളുള്ള ബസില്‍ സൗജന്യ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ യു എസ് ബി പോര്‍ടലുമുണ്ടാകും.