പൊതു അവധി ദിനങ്ങള്‍; മാനദണ്ഡം നിര്‍ദേശിച്ച് ശൈഖ് ഹംദാന്റെ ഉത്തരവ്

Posted on: April 25, 2018 10:10 pm | Last updated: April 25, 2018 at 10:10 pm

ദുബൈ: ദുബൈ സര്‍ക്കാരിന്റെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ ഉത്തരവിറക്കി. റെസൊല്യൂഷന്‍ നമ്പര്‍ 14/ 2018 പ്രകാരമുള്ള ഉത്തരവാണ് ഇറക്കിയത്.

ഉത്തരവനുസരിച്ചു ദുബൈ സര്‍ക്കാരിന് കീഴിലെ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിക്കേണ്ടത്. ദേശീയ അതോറിറ്റിയുടെ പ്രഖ്യാപനങ്ങളുടെ ചുവട് പിടിച്ചു എമിറേറ്റിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ അവധി ദിനങ്ങളും സമയ ക്രമങ്ങളും നിശ്ചയിക്കണം. ഇതു സംബന്ധിച്ചു മാനവ വിഭവ ശേഷി വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ അവധി ദിനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനുള്ള സര്‍ക്കുലറുകളും പുറപ്പെടുവിക്കണമെന്നും ഉത്തരവിലുണ്ട്.

ഉത്തരവ് പുറപ്പെടുവിച്ച ദിനം മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിവരങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.