സുപ്രീം കോടതിയിലെ തര്‍ക്കം തുടരുന്നു; ഫുള്‍കോര്‍ട്ട് വിളിക്കാന്‍ ചീഫ് ജസ്റ്റിസിന് ജസ്റ്റിസുമാരുടെ കത്ത്

Posted on: April 25, 2018 10:15 am | Last updated: April 26, 2018 at 12:36 am

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് പ്രമേയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയതിന് പിന്നാലെ സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, എം ബി ലോകൂര്‍ എന്നിവര്‍ സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. സമാന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന ജസ്റ്റിസുമാരായ ജെ ചെലമേശ്വറും കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിന് നേരത്തെ കത്തയച്ചിരുന്നു. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങളും ഭാവിയും ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ഇംപീച്ച്‌മെന്റ് വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കത്തയച്ചത്.

സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരുടെയും യോഗമാണ് ഫുള്‍ കോര്‍ട്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറവെക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം വിളിക്കണമെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആവശ്യപ്പെടുന്നു. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നുമായിരുന്നു ചെലമേശ്വറിന്റെ ആരോപണം. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും അദ്ദേഹം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി പന്ത്രണ്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചെലമേശ്വറിന് പുറമെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ഈ കേസില്‍ യു പി ഹൈക്കോടതി ജഡ്ജിയെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ചില ഇടനിലക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെടുത്തി ചില മൊഴികള്‍ അവര്‍ നല്‍കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ കോഴയില്‍ ഉള്‍പ്പെട്ട കോളജിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായതും ദീപക് മീശ്രയെ സംശയനിഴലിലാക്കി. ഈ കേസ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്.

രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.