Connect with us

Kerala

വിദേശ വനിത ലിഗയുടെ മരണം: സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചതായി പോലീസ്

Published

|

Last Updated

തിരുവനന്തപുരം: വിദേശവനിത ലിഗ സ്‌ക്രോമാന്റെ തിരോധാനം സംബന്ധിച്ച പരാതിയില്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നതായി പോലീസിന്റെ വിശദീകരണം. ലിഗയെ കാണാതായ മാര്‍ച്ച് 14ന് വൈകിട്ട് ബന്ധുക്കള്‍ കോവളം, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനെ ആവശ്യമായ വയര്‍ലെസ് സന്ദേശവും ക്രൈം കാര്‍ഡും അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു.

രണ്ട് എസ് ഐമാര്‍ ഉള്‍പ്പെടെയുള്ള സംഘം കോവളം ബീച്ചിലും പരിസരത്തും രാത്രി മൂന്ന് മണി വരെ ഇവരുടെ ഫോട്ടോ കാണിച്ച് പരിശോധിച്ചു. ഇരുപതോളം ഹോട്ടലുകളിലും അന്വേഷണം നടത്തി. 15ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും റൂറല്‍ ഷാഡോ പോലീസ് ഇവര്‍ മുമ്പ് താമസിച്ച വര്‍ക്കലയിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അമൃതപുരിയിലും അന്വേഷണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടര്‍ന്നു. 19ന് സിറ്റി പോലീസ് കമ്മീഷണര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണ സംഘത്തെ കൂടി തിരച്ചിലിന് നിയോഗിച്ചു. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നല്‍കിയിരുന്നു.

അന്വേഷണം തുടരവെ, ലിഗയുടെ കുടുംബാംഗങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ കണ്ടതനുസരിച്ച് അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തി. 23ന് ഐ ജി മനോജ് എബ്രഹാമിന്റെ അന്വേഷണ മേല്‍നോട്ടത്തില്‍ പത്തംഗ സംഘം രൂപവത്കരിക്കുകയും ലിഗയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന പോലീസിന്റെയും സര്‍ക്കാറിന്റെയും അഭ്യര്‍ഥന അനുസരിച്ച് സ്‌കൂബാ ഡൈവിംഗ് ടീം ഉള്‍പ്പെടെ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കോവളം മുതല്‍ വിഴിഞ്ഞം വരെയുള്ള കടലിന്റെ അടിത്തട്ട് പരിശോധിച്ചിരുന്നു. തിരോധാനം നടന്നത് മുതല്‍ ലിഗയുടെതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചത് വരെ കോവളത്തെ 245 ഹോട്ടലുകള്‍ പരിശോധിക്കുകയും 375 പേരെ നേരില്‍ക്കണ്ട് ചോദിക്കുകയും 40 സി സി ടി വി ക്ലിപ്പിംഗുകളും 20 കോള്‍ വിശദാംശ റെക്കോര്‍ഡുകളും പരിശോധിക്കുകയും ചെയ്തു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും നടത്തിയിരുന്നു. കേരളത്തിന് പുറമെ രാമേശ്വരവും മംഗലാപുരവും ഗോവയും വേളാങ്കണ്ണിയുമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും പരിശോധന നടത്തി. മൃതദേഹം ലഭിച്ചതിന് ശേഷവും മരണ കാരണം കണ്ടെത്തുന്നതില്‍ ഏറ്റവും ശാസ്ത്രീയമായ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തിനായി ഐ ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം കമ്മീഷണര്‍ പി പ്രകാശ് മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മികച്ച മെഡിക്കല്‍, ലീഗല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍ വസ്തുത കണ്ടെത്തുന്നതിന് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും പോലീസ് വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെട്ടു.