Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

Published

|

Last Updated

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പൊലീസുകാരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മരിച്ച ശ്രീജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ളവരാണ് കാക്കനാട് ജില്ലാ ജയിലിലെത്തി പ്രതികളെ തിരിച്ചറിഞ്ഞത്. ഉച്ചക്ക് രണ്ടരയോടെ ജില്ലാ ജയിലില്‍ ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റെനോ ഫ്രാന്‍സിസ് സേവ്യറിന്റെ സാന്നിധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്ത്, അയല്‍വാസി അജിത് എന്നിവരാണ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായിരുന്ന ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞത്. ഭാര്യ മൂന്ന് പേരെയും അമ്മയും സഹോദരനും അയല്‍വാസിയും ഒന്നും വീതം പ്രതികളെയും തിരിച്ചറിഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളോട് രൂപസാദൃശ്യമുള്ള 24 പോലീസുകാരെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. ആദ്യം ശ്രീജിത്തിന്റെ ഭാര്യയും തുടര്‍ന്ന് അമ്മയും സഹോദരനും അയല്‍വാസിയും പരേഡില്‍ പങ്കെടുത്തു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് മഫ്തി വേഷത്തിലെത്തി പിടിച്ചുകൊണ്ടുപോയത് ഇവരാണെന്ന് സാക്ഷികള്‍ കൂടിയായ അഖിലയും ശ്യാമളയും വ്യക്തമാക്കി. 17 പേരെയാണ് പരേഡില്‍ പങ്കെടുപ്പിച്ചതെന്നും ഇതില്‍ നിന്നാണ് പ്രതികള്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞതെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ആലുവ മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. തിരിച്ചറിയല്‍ പരേഡ് ഒരു മണിക്കൂര്‍ നീണ്ടു. മൂന്ന് പൊലീസുകാരെയും എസ് ഐ ദീപക്കിനെയും വ്യത്യസ്ത മുറികളിലാണ് പാര്‍പ്പിച്ചിട്ടുളളത്. അതേസമയം, ശ്രീജിത്തിനേറ്റ മര്‍ദനവും ശരീരത്തിലെ ക്ഷതങ്ങളെയും കുറിച്ച് പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. വയറിലേറ്റ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതികളുടെ വാട്ട്‌സ് ആപ്പ് സന്ദേശം നേരത്തെ തന്നെ പുറത്തുവന്നതിനാല്‍ തിരിച്ചറിയല്‍ പരേഡ് പ്രഹസനമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

 

Latest