കുടുംബ കോടതിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Posted on: April 25, 2018 6:14 am | Last updated: April 25, 2018 at 12:16 am

സംബല്‍പൂര്‍ (ഒഡീഷ): കുടുംബ കോടതിക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് അരുംകൊല നടത്തിയത്. ഭാര്യ സഞ്ജിതാ ചൗധരി(18) തത്ക്ഷണം മരിച്ചു.

രമേശ് നടത്തിയ ആക്രമണത്തില്‍ സഞ്ജിതയുടെ മാതാവിനും ഇവരുടെ ബന്ധുവായ രണ്ടു വയസ്സുള്ള കുട്ടിക്കും പരുക്കേറ്റു. പിതാവിനെതിരെയും പ്രതി തിരിഞ്ഞെങ്കിലും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. രമേശ് തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു. പിന്നീട് സഞ്ജിതയെ തന്റെ കൂടെ വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് കോടതിയെ സമീപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് സഞ്ജിത മാതാപിതാക്കളുടെ കൂടെ കോടതിയിലെത്തിയത്.

നേരത്തേ ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജിതയെ പ്രതി പിന്തുടര്‍ന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നു.

കുടുംബാംഗങ്ങളെയും ആക്രമിച്ച രമേശിനെ ദൃക്‌സാക്ഷികള്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.