സാക്ഷരതാ പഠിതാക്കള്‍ക്ക് പുതിയ പാഠപുസ്തകം

Posted on: April 25, 2018 6:23 am | Last updated: April 24, 2018 at 11:28 pm

കോഴിക്കോട്: സാക്ഷരതാ പഠിതാക്കള്‍ക്ക് പരിഷ്‌കരിച്ച പാഠപുസ്തകം തയ്യാറായി. സാക്ഷരതാ മിഷന്‍ രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എഴുത്ത്, വായന, കണക്ക് എന്നിവയില്‍ പ്രാവീണ്യമുണ്ടാക്കുന്നതിന് വര്‍ത്തമാനകാല ജീവിതവുമായി ബന്ധപ്പെടുത്തിയും സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ചും തയ്യാറാക്കിയ സാക്ഷരതാ പാഠപുസ്തകത്തിലൂടെ ആദിവാസികള്‍, തീരദേശ നിവാസികള്‍, ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, പട്ടികജാതി കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവരുടെ തുടര്‍പഠനമാണ് ലക്ഷ്യമിടുന്നത്.

അക്ഷര സാഗരം, സമഗ്ര ആദിവാസി സാക്ഷരതാ പരിപാടി, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള നവചേതന തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടിയാണ് പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം എല്ലാ ജില്ലകളിലും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ അനൗപചാരികവിദ്യാഭ്യാസ ദര്‍ശനങ്ങളെയും ബോധന സംവിധാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകം. 86 പേജുള്ള പുസ്തകത്തില്‍ 21 പാഠഭാഗങ്ങളാണുള്ളത്. ദൈനംദിന ജീവിതത്തെ ആസ്പദമാക്കിയുള്ള കാര്യങ്ങളാണ് കണക്കും മറ്റ് പാഠഭാഗങ്ങളും പെട്ടെന്ന് ഗ്രഹിക്കാന്‍ പുസ്തകത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി മലിനീകരണവും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്ന പാഠഭാഗം ആരംഭിക്കുന്നത് ‘ഇനി വരുന്നൊരു തലമുറക്ക്…’ എന്ന ഇഞ്ചക്കാട് ബാലകൃഷ്ണന്റെ കവിതയോടെയാണ്. കടലിനെക്കുറിച്ച് പറയുമ്പോ ള്‍ ചാകരയും ഓഖി ദുരന്തവും ട്രോളിംഗും പ്രതിപാദ്യമാകുന്നു. ‘നല്ലഭക്ഷണം നമ്മുടെ അവകാശം’ പാഠഭാഗത്ത് ഭക്ഷ്യസുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളും പഠിക്കേണ്ടതുണ്ട്.

വായനക്ക് പ്രാധാന്യം നല്‍കുന്ന ഭാഗത്ത് കുഞ്ഞുണ്ണിമാഷുടെ കവിതക്ക് പുറമെ തകഴി, വൈക്കം മുഹമ്മദ് ബശീര്‍, എസ് കെ പൊറ്റക്കാട്, കമലാ സുരയ്യ, കെ ആര്‍ മീര എന്നിവരുടെ കൃതികളും പത്രവായനയും വായനയുടെ പ്രാധാന്യവും പരിചയപ്പെടുത്തുന്നു. മദ്യപാനത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍, പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി, കുടുംബശ്രീ എന്നിവയെ കുറിച്ച് പുസ്തകത്തില്‍ പഠിക്കാനുണ്ട്. റോഡ് സുരക്ഷാ നിയമങ്ങള്‍, എ ടി എം, മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവയും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.

പുതുതായി തയ്യാറാക്കിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ തുടര്‍വിദ്യാകേന്ദ്രങ്ങളിലൂടെ പഠിതാക്കളിലെത്തിക്കും. കെ കെ കൃഷ്ണകുമാര്‍, പള്ളിയറ ശ്രീധരന്‍, മടവൂര്‍ ശശി, മേഴ്‌സി പീറ്റര്‍, ഡോ. ബൈജു ഇ ബി, ഡോ. ജെ വിജയമ്മ തുടങ്ങിയവരാണ് പാഠപുസ്തക നിര്‍മാണ സമിതിയിലുള്ളത്. സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലയാണ് ചീഫ് എഡിറ്റര്‍.