വിവാദ കുടിയേറ്റ നിയമത്തിന് ഫ്രഞ്ച് പാര്‍ലിമെന്റിന്റെ അംഗീകാരം

Posted on: April 24, 2018 6:17 am | Last updated: April 23, 2018 at 11:22 pm
SHARE

പാരീസ്: ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയ കുടിയേറ്റ നിയമത്തിന് ഫ്രഞ്ച് നാഷനല്‍ അസംബ്ലിയുടെ അംഗീകാരമായി. ഫ്രാന്‍സില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നീളുന്ന ജയില്‍ ശിക്ഷ, നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്ന അഭയാര്‍ഥികളെ തടവില്‍ പാര്‍പ്പിക്കുന്ന കാലാവധി ഇരട്ടിപ്പിക്കല്‍, അഭയാര്‍ഥി അപേക്ഷകളുടെ കാലാവധി വെട്ടിച്ചുരുക്കല്‍ എന്നിങ്ങനെ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം.

139 വോട്ടുകള്‍ക്കെതിരെ 228 വോട്ടുകള്‍ നല്‍കിയാണ് പാര്‍ലിമെന്റ് നിയമത്തിന് അംഗീകാരം നല്‍കിയത്. അറുപത് മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും നൂറിലേറെ ഭേദഗതികള്‍ക്കും ശേഷമാണ് നിയമം പാര്‍ലിമെന്റില്‍ വിജയിപ്പിച്ചെടുത്തത്. ഇമ്മാനുവല്‍ മാക്രോണിന്റെ ലാ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പ്രതികൂലമായി വോട്ട് രേഖപ്പെടുത്തി.
അഭയാര്‍ഥി അപേക്ഷകളുടെ കാലാവധി വെട്ടിച്ചുരുക്കുകയാണ് നിയമം കൊ ണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അപേക്ഷ തള്ളപ്പെട്ടവരെ രാജ്യത്ത് നിന്ന് അതിവേഗം പുറത്താക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷം പാര്‍ലിമെന്റില്‍ നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശം അഴിച്ചുവിട്ടിരുന്നു. അഭയാര്‍ഥികളെ കുറ്റവാളികളെ പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here