ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചേക്കും

Posted on: April 23, 2018 3:58 pm | Last updated: April 23, 2018 at 8:58 pm

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി നിയവിരുദ്ധവും അസാധാരണവുമാണെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ആരോപണങ്ങളില്‍ ഒരു അന്വേഷണവും നടത്താതെയാണ് നോട്ടീസ് തള്ളിയത്. ഇത് ആദ്യമായാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

നോട്ടീസ് തള്ളിയ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അപക്വമാണെന്നും തെറ്റായ കീഴ്‌വഴക്കമാണ് ഉണ്ടായിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി, എസ് പി, ബി എസ് പി, മുസ്‌ലിം ലീഗ് കക്ഷികളില്‍ നിന്നായി 71 രാജ്യസഭാ എം പിമാര്‍ ഒപ്പുവെച്ച ഇംപീച്ച്‌മെന്റ് പ്രമേയമാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇടപെടലുകളിലെ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. സുപ്രീം കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.