ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

Posted on: April 23, 2018 10:48 am | Last updated: April 23, 2018 at 11:27 pm
SHARE

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിന് മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഏഴ് പ്രതിപക്ഷ കക്ഷികളില്‍ നിന്നായി 64 രാജ്യസഭാ അംഗങ്ങള്‍ ഒപ്പുവെച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമകാര്യ സെക്രട്ടറി പി കെ മല്‍ഹോത്ര, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍, മുന്‍ ജഡ്ജിമാര്‍ തുടങ്ങിയ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് നോട്ടീസ് തള്ളിക്കൊണ്ട് വെങ്കയ്യ നായിഡു അറിയിച്ചു. നോട്ടീസിനെക്കുറിച്ച് എം പിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ എം പിമാര്‍ ഉന്നയിച്ച കാര്യത്തില്‍ അവര്‍ക്ക് തന്നെ ഉറപ്പില്ല. സംശയത്തിന്റെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലാണ് നോട്ടീസെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് തള്ളിക്കൊണ്ട് പത്ത് പേജുള്ള ഉത്തരവാണ് വെങ്കയ്യ നായിഡു പുറത്തിറക്കിയത്. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും എടുത്തുകാട്ടി, തെളിവുകളില്ലാത്ത ഊഹങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തേണ്ടത് എന്‍ക്വയറി കമ്മിറ്റി ആണെന്നും നടപടി നിയമവിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അമ്പത് എം പിമാര്‍ ഒപ്പുവെച്ച നോട്ടീസ് നല്‍കുകയെന്നതാണ് ഇംപീച്ച്‌മെന്റിനുള്ള ഭരണഘടനാ നടപടി. ഇതില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഉപരാഷ്ട്രപതിക്ക് ആകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണെമന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി, എസ് പി, ബി എസ് പി, മുസ്‌ലിം ലീഗ് കക്ഷികളില്‍ നിന്നുള്ള രാജ്യസഭാ എം പിമാര്‍ ഒപ്പുവെച്ച നോട്ടീസ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നല്‍കിയത്. ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയിലെ ചീഫ് ജസ്റ്റിസിന്റെ പങ്ക് ഉള്‍പ്പെടയുള്ള അഞ്ച് ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ മുമ്പേ നടത്തിയിരുന്നുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില കക്ഷികള്‍ വിയോജിപ്പ് അറിയിച്ചതോടെ വിഷയത്തില്‍ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞിരുന്നു.

എന്നാല്‍, ജസ്റ്റിസ് ലോയയുടെ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയെ കണ്ട് നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്ന പൊതു താത്പര്യ ഹരജികള്‍ തള്ളിയത്. ഇത്തരം ഹരജികള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ചീഫ് ജസ്റ്റിസിന്റെ ബഞ്ച് കുറ്റപ്പെടുത്തിയിരുന്നു.

പരമോന്നത നീതിപീഠത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇംപീച്ച്മെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു.