കുറ്റകരമായ സന്ദേശങ്ങളില്‍ ഗ്രൂപ്പ് അഡ്മിനെ തുല്യപങ്കാളിയാക്കി ശിക്ഷിക്കാനാകില്ലെന്ന് ഐ ടി വിദഗ്ധര്‍

Posted on: April 23, 2018 6:09 am | Last updated: April 23, 2018 at 12:34 am

തിരുവനന്തപുരം: വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരില്‍ ഗ്രൂപ്പ് അഡ്മിനെ തുല്യ പങ്കാളിയായി കണ്ട് ശിക്ഷിക്കാനാകില്ലെന്ന് ഐ ടി വിദഗ്ധര്‍. നിയമ വിരുദ്ധമായ പോസ്റ്റുകള്‍ക്ക് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് എതിരഭിപ്രായങ്ങളുമായി വിദഗ്ധര്‍ രംഗത്തെത്തിയത്.

ആശയ വിനിമയത്തിന് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പില്‍ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബാധ്യത വരില്ലെന്ന് കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) വൈസ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയില്‍പ്പെട്ടാലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ ടി ആക്റ്റില്‍ വാട്‌സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അഡ്മിന്മാര്‍ മധ്യവര്‍ത്തികള്‍ അല്ലെങ്കില്‍ ഇടനിലക്കാര്‍ എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫേസ്ബുക്കും മുതല്‍ സാധാരണ സൈബര്‍ കഫേകള്‍ വരെ ഈ വിഭാഗത്തിലാണ്. ഐ ടി ആക്ടിന്റെ 79 ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉത്പാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവര്‍ത്തികള്‍ക്ക് ഇല്ല.