Connect with us

Articles

പ്രായോഗികതയുടെ സീതാറാം

Published

|

Last Updated

കാമ്പുള്ള സൈദ്ധാന്തികന്‍, മികച്ച പാര്‍ലിമെന്റേറിയന്‍, ജനകീയനെന്ന പ്രതിച്ഛായ, ഇത്രയും വിശേഷണങ്ങള്‍ ചേര്‍ന്നാല്‍ അത് സീതാറാം യെച്ചൂരിയായി. പാര്‍ട്ടിക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തും. അന്തരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി അടുപ്പം. വളച്ചുകെട്ടില്ലാത്ത സംസാരം. നേരെ വാ നേരെ പോ ശൈലി. രണ്ടാംതവണയും യെച്ചൂരിയെ സി പി എമ്മിന്റെ അമരത്തേക്ക് നയിച്ചത് ഈ പ്രത്യേകതകളൊക്കെ തന്നെ. പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി വിശാഖപട്ടണത്ത് ജനറല്‍ സെക്രട്ടറിയായ യെച്ചൂരിയല്ല ഹൈദരാബാദില്‍ നിന്ന് മടങ്ങുന്നത്. കൂടുതല്‍ കരുത്തനാണ്. തന്റെ നിലപാടിലേക്ക് ഒരു പരിധി വരെയെങ്കിലും പാര്‍ട്ടിയെ കൂടി കൊണ്ടുവന്നിരിക്കുന്നു അദ്ദേഹം.
പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ക്കപ്പുറം പ്രായോഗിക രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്ന പക്ഷത്താണ് യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം തന്നെ ഇതിനുള്ള മികച്ച ഉദാഹരണം. ഏതുപ്രതിസന്ധിയും മറികടക്കാനുള്ള അസാമാന്യ മെയ്‌വഴക്കം. ശരിയെന്ന് തോന്നുന്ന നിലപാടിനൊപ്പം ഉറച്ചുനില്‍ക്കും. അത് നേടും വരെ പോരാട്ടവും തുടരും.

ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരതീച്ചൂളയിലാണ് യെച്ചൂരിയിലെ രാഷ്ട്രീയവും വാര്‍ത്തെടുക്കുന്നത്. കര്‍ഷക സമരങ്ങളും നക്‌സല്‍ പ്രസ്ഥാനങ്ങളും നന്നായി വിളവെടുത്ത അവിഭക്ത ആന്ധ്രയിലായിരുന്നു ജനനം. അച്ഛന്‍ ആന്ധ്ര പ്രദേശ് സ്‌റ്റേറ്റ് റോഡ് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്ന സര്‍വേശ്വര സോമയാജുല യെച്ചൂരി. അമ്മ കല്‍പ്പാക്കത്തി. ബാല്യകാലവും ഇവിടെ തന്നെ. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഇടത് ചേരിയില്‍ ആകൃഷ്ടനായി. തെലങ്കാന സമരം ശക്തിയാര്‍ജ്ജിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസം തടസപ്പെട്ടതോടെ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ പ്രസിഡന്റ്‌സ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ചേര്‍ന്ന യെച്ചൂരി ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി സി ബി എസ് ഇ പരീക്ഷയില്‍ ജേതാവായി. ശേഷം ഡല്‍ഹിയില്‍ സെന്റ്സ്റ്റീഫന്‍സ് കോളജില്‍ ബിരുദ പഠനത്തിന് എത്തുമ്പോഴേക്കും യെച്ചൂരിക്കു കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വ്യക്തത വന്നിരുന്നു. ഇവിടെ നിന്നാണ് ജെ എന്‍ യുവിലെത്തുന്നത്.

1974ല്‍ എസ് എഫ് ഐയില്‍ അംഗമായ യെച്ചൂരി 1975ല്‍ സി പി എമ്മില്‍ അംഗത്വം നേടി. ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമായ ഘട്ടത്തിലായിരുന്നു യെച്ചൂരിയുടെ ജെ എന്‍ യു കാലം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കമ്മ്യൂണിസ്റ്റ് വേട്ട തുടങ്ങി. അടിയന്തരാവസ്ഥയെ എതിര്‍ത്ത് ജെ എന്‍ യു ക്യാമ്പസില്‍ നടന്ന പ്രകടനങ്ങള്‍ നയിച്ചത് യെച്ചൂരി ആയിരുന്നു. ജയിലില്‍ അടക്കപ്പെടാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. ഇതാകട്ടെ ഗവേഷണം തടസ്സപ്പെടുത്തി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്ന യെച്ചൂരി മൂന്നു തവണ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷ പദവിയിലെത്തി.

ജെ എന്‍ യു പഠനകാലത്ത് 1978ല്‍ യെച്ചൂരി എസ് എഫ് ഐ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയായി. അതേ വര്‍ഷം തന്നെ അഖിലേന്ത്യാ പ്രസിഡന്റായും നിയോഗിക്കപ്പെട്ടു. കേരളത്തിലും ബംഗാളിലും നിന്നല്ലാതെയുള്ള ഒരു നേതാവ് എസ് എഫ് ഐ ദേശീയ പ്രസിഡന്റാകുന്നതും ആദ്യമായിട്ടായിരുന്നു. ജെ എന്‍ യു പഠനകാലത്തും എസ് എഫ് ഐ നേതൃത്വത്തിലുള്ളപ്പോഴും സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.

അക്കാലങ്ങളില്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന പി സുന്ദരയ്യ, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തി. ദേശീയ, അന്തര്‍ ദേശീയ വിഷയങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്തി പാര്‍ട്ടി ലൈന്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് സി പി എം ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരുന്നു അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍. പാര്‍ട്ടി സെന്ററില്‍ പൂര്‍ണസമയ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടു.

പാര്‍ട്ടി സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്കിടിയിലാണ് 1985ല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായതോടെ പാര്‍ട്ടിയുടെ വിദേശ കാര്യങ്ങളുടെ ചുമതല ലഭിച്ചു. ഇത് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള ബന്ധത്തിന് വഴിതുറന്നു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും മാവോയിസ്റ്റ് പാര്‍ട്ടികളുമായും ബന്ധം ദൃഢമാക്കി. പാര്‍ട്ടിക്കു വേണ്ടിയും ജനറല്‍ സെക്രട്ടറിക്കു വേണ്ടിയും നടത്തിയ ആശയ വിനിമയങ്ങളാണ് ലോക കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള അടുപ്പത്തിന് അവസരമൊരുക്കിയത്.

നേപ്പാള്‍ സര്‍ക്കാറും മാവോയിസ്റ്റുകളുമായി വര്‍ഷങ്ങള്‍ നീണ്ട കലാപം അവസാനിപ്പിക്കാനുള്ള മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടതും യെച്ചൂരിതന്നെ. മാവോയിസ്റ്റ് നേതാക്കളായ പ്രചണ്ഠയുമായും ബാബുറാം ഭട്ടറായിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരി നിരന്തരം നടത്തിയ ചര്‍ച്ചകളിലൂടെയാണ് മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്കു കൊണ്ടുവന്നത്. നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി യെച്ചൂരിയുടെ സേവനം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

1992ല്‍ യെച്ചൂരി പൊളിറ്റ് ബ്യൂറോ അംഗമായി. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയും. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഒന്നാം യു പി എയുടെ രൂപവത്കരണത്തില്‍ മുഖ്യപങ്ക്‌വഹിച്ചവരുടെ കൂട്ടത്തില്‍ യെച്ചൂരിയുമുണ്ടായിരുന്നു. പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചു. സി പി എമ്മിലെ മുതിര്‍ന്ന നേതാക്കളെല്ലാം അംഗീകരിച്ച പൊതു മിനിമം പരിപാടി കോണ്‍ഗ്രസിനെ കൊണ്ടും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൊണ്ടും അംഗീകരിപ്പിക്കുന്നതിലും യെച്ചൂരിയുടെ നയതന്ത്രം വിജയിച്ചു. കോണ്‍ഗ്രസിന്റെ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയും പോരാടി. ഒന്നാം യു പി എ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയ സ്ഥിതിഗതികള്‍ അനുകൂലമാക്കാന്‍ യെച്ചൂരിയെ മധ്യസ്ഥനാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ലൈന്‍ വിട്ടൊരു കളിയില്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.

ബംഗാളില്‍ നിന്നും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി സി പി എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകയായ സീമാ ചിശ്ത്തിയാണു ഭാര്യ. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്.

Latest