Connect with us

Kerala

വിദേശ വനിതയുടെ മരണം: അന്വേഷണം കോവളത്തെ ലഹരി മാഫിയയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: തിരുവല്ലത്ത് തല വേര്‍പെട്ട നിലയില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കോവളത്തെ ലഹരി മാഫിയയിലേക്ക്. ലഹരി മരുന്ന് കേസുകളില്‍ മുമ്പ് പിടിയിലായിട്ടുള്ളവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കോവളത്തെ ലഹരി മരുന്ന് സംഘങ്ങളുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ലിഗ സ്‌ക്രോമോന്റെ സഹോദരി ഇലീസ് പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണ ചുമതല തിരുവന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിനെ ഏല്‍പിച്ചതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ഇന്നലെ പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും പോലീസിന് കണ്ടെത്താനായില്ല. ഫോര്‍ട്ട് എ സിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന നടത്തുന്നത്.

ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും ലിഗക്ക് ഒറ്റക്ക് കണ്ടല്‍ക്കാട് നിറഞ്ഞ പ്രദേശത്ത് എത്താനാകില്ലെന്നതാണ് പോലീസ് നിഗമനം. മൃതശരീരം ലിഗയുടേതാണെന്ന് കുടുംബം ഉറപ്പിച്ച് സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ബോട്ടുകളിലും വള്ളങ്ങളിലും ടൂറിസ്റ്റുകളെ കൊണ്ടു പോകുന്നവരുടെ പട്ടികയും പോലീസിന് ലഭിച്ചു. ലിഗക്ക് ഒറ്റക്ക് ഒരിക്കലും ഇവിടേക്ക് എത്താനാകില്ലെന്ന് സഹോദരി ഇലീസ് പറഞ്ഞു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് നാളെയോടെ പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഭാര്യയുടെ ചിത്രമടങ്ങിയ പോസ്റ്റുമായി ആന്‍ഡ്രൂസ്‌

അതേസമയം തലസ്ഥാനത്തുവെച്ച് ഭാര്യയെ കാണാനില്ലെന്ന കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദന്‍ രംഗത്തെത്തി. കേരള പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂ ജോര്‍ദന്‍ ആരോപിച്ചു. ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുമ്പാണ് ആന്‍ഡ്രുവിന്റെ അഭിമുഖം.

ഭാര്യയെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിഗയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂവിന്റെ പ്രതികരണം. ലിഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പോലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പോലീസ് നടത്തിയില്ല.

പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാകാമെന്ന മനോഭാവമായിരുന്നു അവര്‍ക്ക്. രണ്ടാഴ്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാനെന്നും ആന്‍ഡ്രൂ പറഞ്ഞു.
കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദിക്കാന്‍ ഒരുങ്ങുക വരെ ചെയ്തു. പിന്നീട് പോലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അനുവാദമില്ലാതെയാണ് ആറ് ദിവസം ആശുപത്രിയില്‍ കിടത്തിയത്. തന്റെ അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകള്‍ക്കും വിധേയനാക്കി. ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും എംബസിയിലേക്ക് വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആന്‍ഡ്രൂ പറഞ്ഞു. ഇംഗ്ലീഷ് പറയാനറിയാത്ത പോലീസുകാരാല്‍ ചുറ്റപ്പെട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു താന്‍. തുടര്‍ന്നാണ് അയര്‍ലന്‍ഡിലേക്ക് പോയത്. ലിഗയുടെ കാര്യം പോലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തിരച്ചിലിനിടയിലാണ്. കാസര്‍കോട് ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പോലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലിഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും.

മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും

തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും നല്‍കും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇല്‍സിയെ നേരില്‍ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എ എസ് അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്രാ ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ബാലകിരണ്‍ അറിയിച്ചു. ലിഗയുടെ മരണത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന്റെയും അനുശോചനം ഇല്‍സിയെ അറയിച്ചു.

മരണകാരണം വിഷം ഉള്ളില്‍ചെന്നതാകാമെന്ന് പോലീസ്

കോവളം: മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തിലാണ് പോലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരുക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണ്. വിദേശി പുറത്തിറങ്ങിയാല്‍ പാസ്‌പോര്‍ട്ടോ കോപ്പിയോ കൈവശം വെക്കണം. എന്നാല്‍ ലിഗയുടെ കൈവശം ഇതൊന്നും ഇല്ലായിരുന്നു. ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശം മുഴുവന്‍ പൊലീസ് പരിശോധിച്ചു. സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചത്. മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയത്. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പോലീസ് അറിയിച്ചു.

Latest