സീറ്റ് മോഹികളും കളങ്കിതരും

Posted on: April 22, 2018 11:42 am | Last updated: April 22, 2018 at 11:42 am

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ വിവിധ കേസുകളില്‍ ആരോപണങ്ങള്‍ നേരിടുന്നവരാണ് ഗോദയിലുള്ളവരില്‍ ഏറെയുമെന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അനധികൃത ഖനന കേസില്‍ അറസ്റ്റിലായ ജനാര്‍ദ്ദന റെഡ്ഢിയുടെ സഹോദരന്‍ സോമശേഖര റെഡ്ഢി, നേരത്തെ ഈ കേസില്‍ ഉള്‍പ്പെട്ട സുബ്രഹ്മണ്യ നായിഡു, വിവിധ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഹര്‍ത്തല ഹാലപ്പ, രേണുകാചാര്യ, അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കൃഷ്ണയ്യ ഷെട്ടി എന്നിവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ ബി ജെ പി അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ജനാര്‍ദ്ദന റെഡ്ഢിയുടെ അനുയായിയായ സന്ന ഫക്കീരപ്പയും ജനവിധി തേടുന്നുണ്ട്. ജനാര്‍ദ്ദന റെഡ്ഢിക്ക് ജാമ്യം ലഭിക്കുന്നതിന് സി ബി ഐ പ്രത്യേക ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സോമശേഖര റെഡ്ഢിക്കെതിരെ കേസുണ്ടായിരുന്നു. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോമശേഖര റെഡ്ഢി മത്സരിച്ചിരുന്നില്ല. റെഡ്ഢി സംഘത്തിലെ മൂന്ന് പേര്‍ക്കാണ് ബി ജെ പി സീറ്റ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിലും ജനതാദള്‍- എസിലും ഇത്തരത്തില്‍ ആരോപണ വിധേയരായവര്‍ സ്ഥാനാര്‍ഥികളായുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രി കെ ജെ ജോര്‍ജ്, സന്തോഷ് ലാഡ്, എച്ച് ആഞ്ജനേയ, അനില്‍ എച്ച് ലാഡ്, ആനന്ദ് സിംഗ്, ബി നാഗേന്ദ്ര എന്നിവരെല്ലാം വിവിധ ആരോപണങ്ങള്‍ നേരിടുന്നവരാണ്. മന്ത്രി ഡി കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയാണ് പിടിച്ചെടുത്തിരുന്നത്. ശിവകുമാര്‍ കനകപുരയില്‍ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന നാഗേന്ദ്രയും ആനന്ദ് സിംഗും സമീപകാലത്ത് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവരാണ്. ആരോപണത്തെ തുടര്‍ന്ന് ബി ജെ പി സീറ്റ് നല്‍കില്ലെന്ന് അറിഞ്ഞതോടെയാണ് കോണ്‍ഗ്രസിലേക്ക് കൂടുമാറിയത്. അനില്‍ലാഡും മുന്‍ ബി ജെ പി നേതാവാണ്. മംഗളൂരു ഡി വൈ എസ് പി. എം കെ ഗണപതിയുടെ ആത്മഹത്യയില്‍ സി ബി ഐ അന്വേഷണം നേരിടുന്നയാളാണ് മന്ത്രി കെ ജെ ജോര്‍ജ്. ലൈംഗികാരോപണ വിധേയനായ എച്ച് വൈ മേട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ആരോപണ വിധേയരും കളങ്കിതരുമായവരെ ജനം എത്രമാത്രം പിന്തുണക്കുമെന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

വനിതകളുണ്ട് നേരിടാന്‍
കളങ്കിതരായ സ്ഥാനാര്‍ഥികളെ നേരിടാന്‍ കച്ചകെട്ടി പോര്‍ക്കളത്തിലിറങ്ങുന്നത് വനിതകളാണെന്നതാണ് ശ്രദ്ധേയം. തങ്ങളെ ദ്രോഹിച്ചുവെന്ന് ആരോപണമുയര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് ഇവരുടെ അങ്കപ്പുറപ്പാട്. മദ്യമാഫിയക്കെതിരെ സന്ധിയില്ലാ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മന്ത്രിയുടെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ ഡി വൈ എസ് പി സ്ഥാനം രാജിവെച്ച അനുപമ ഷേണായി മുതല്‍ മന്ത്രിയുടെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ വിജയലക്ഷ്മി വരെ ഇത്തവണ പടക്കളത്തിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കെതിരെ പോരാടാനായി സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചാണ് അനുപമ ഷേണായി മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഭാരതീയ ജനശക്തി കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എസ് എ രാമദാസ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പരാതി നല്‍കിയ പ്രേമകുമാരിയും സ്ഥാനാര്‍ഥിയാണ്. ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ രേണുകാചാര്യക്കെതിരെ ലൈംഗികാരോപണമുന്നയിച്ച ജയലക്ഷ്മിയും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എച്ച് വൈ മേട്ടിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച വിജയലക്ഷ്മിയും ഇത്തവണ ഗോദയിലുണ്ട്.

നേതൃത്വത്തിനെതിരെ സീറ്റ് മോഹികള്‍
സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ സീറ്റ് ലഭിക്കാതെ നിരാശരായവര്‍ പാര്‍ട്ടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബി ജെ പിയിലും കോണ്‍ഗ്രസിലും രൂക്ഷമായിരിക്കുന്ന വിമത ശല്യത്തിന് അറുതി വരുത്താന്‍ സാധിക്കാതെ നേതൃത്വം വിയര്‍ക്കുകയാണ്. ഉത്തര കര്‍ണാടകയിലെ മൊളകല്‍മുരുവില്‍ ബി ജെ പിയില്‍ ഉടലെടുത്ത കലാപമടങ്ങിയിട്ടില്ല. പാര്‍ട്ടിയുടെ ഇവിടുത്തെ സിറ്റിംഗ് എം എല്‍ എയെ മാറ്റി ശ്രീരാമുലുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്. ഖനി രാജാവ് ജനാര്‍ദ്ദന റെഡ്ഢിയുടെ അടുത്ത അനുയായി ശ്രീരാമലുവിന് മത്സരിക്കാന്‍ വേണ്ടിയാണ് സിറ്റിംഗ് എം എല്‍ എയെ മാറ്റിയത്. സീറ്റ് നിഷേധിക്കപ്പെട്ട ബി ജെ പി. എം എല്‍ എ തിപ്പെസ്വാമി സ്വതന്ത്രനായി മൊളകല്‍മുരുവില്‍ നിന്ന് മത്സരിക്കുന്നു. മറ്റു പാര്‍ട്ടികളുടെ പിന്തുണ നേടാനും ശ്രമിക്കുന്നുണ്ട്. തിപ്പെസ്വാമി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ ശ്രീരാമലുവിന് ലഭിക്കേണ്ട ബി ജെ പി വോട്ടുകള്‍ ചോര്‍ന്നേക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ തിപ്പെസ്വാമിയെ അനുനയിപ്പിക്കാന്‍ ബി ജെ പി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഒരു കാലത്ത് ശ്രീരാമലുവിന്റെ കടുത്ത അനുയായി ആയിരുന്ന തിപ്പെസ്വാമി 2011ല്‍ ശ്രീരാമലുവിനൊപ്പം ബി ജെ പി വിട്ട് ബി എസ് ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചിരുന്നു. 2013ല്‍ തിപ്പെസ്വാമി മൊളകല്‍മുരുവില്‍ ബി എസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീരാമലു ബി ജെ പിയിലേക്ക് തിരിച്ചെത്തിയതിന് ശേഷം 2015ല്‍ തിപ്പെസ്വാമിയും ബി ജെപിയിലെത്തി. പിന്നീട് ഇരുവരും നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നുവെങ്കിലും ബെല്ലാരിയില്‍ നിന്നുള്ള ശ്രീരാമലുവിനെ ബി ജെ പി മൊളകല്‍മുരുവില്‍ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
വാല്മീകി നായ്ക് സമൂഹത്തിന്റെ പ്രമുഖ നേതാവായ ശ്രീരാമലുവിന് ഖനി രാജാക്കന്മാരായ റെഡ്ഢി സഹോദരന്മാരുമായി അടുത്ത ബന്ധമാണുള്ളത്. ഈ കാരണങ്ങള്‍ എല്ലാം വെച്ചാണ് ശ്രീരാമലുവിനെ മൊളകല്‍മുരുവില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി തീരുമാനിച്ചത്. 2013ലെ തിരഞ്ഞെടുപ്പില്‍ ചിത്രദുര്‍ഗ ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ നാലിലും കോണ്‍ഗ്രസിനായിരുന്നു ജയം. മൊളകല്‍മുരുവില്‍ ഡോ. ബി യോഗേഷ് ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തുമകൂരു, ബെലഗാവി, ശിവമൊഗ, ചിത്രദുര്‍ഗ എന്നീ ജില്ലകളിലും ബി ജെ പി വിമതര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പി എന്‍ ബി ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ എച്ച് എസ് ചന്ദ്രമൗലിയെ മടിക്കേരിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ട 12 എം എല്‍ എമാരും പാര്‍ട്ടിക്കെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും സീറ്റ് നിഷേധിച്ച നേതാക്കളെ സ്വാഗതം ചെയ്ത് ജനതാദള്‍- എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി രംഗത്തുണ്ട്.
ഒടുവില്‍ ലിംഗായത്തുകള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് അമിത് ഷാക്കെതിരെ തിരിയുന്നതും കര്‍ണാടക ജനത കണ്ടു. ബെംഗളൂരുവില്‍ ബസവേശ്വര ജയന്തിയോടനുബന്ധിച്ച് പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താനെത്തിയ അമിത് ഷാക്കെതിരെ പരസ്യ പ്രതിഷേധവുമായി ലിംഗായത്തുകള്‍ രംഗത്തെത്തുകയായിരുന്നു. ഇതാദ്യമായാണ് പ്രത്യേക മതപദവി വിഷയത്തില്‍ ബി ജെ പിക്കെതിരെ ലിംഗായത്തുകള്‍ പരസ്യ പ്രതിഷേധമുയര്‍ത്തുന്നത്. ലിംഗായത്തിന് മതപദവി നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വേള്‍ഡ് ലിംഗായത്ത് മഹാസഭ എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. ഹാരാര്‍പ്പണം നടത്തുന്നതില്‍ നിന്ന് ലിംഗായത്തുകാര്‍ അമിത്ഷായെ തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത്.

എത്രയെത്ര കോടീശ്വരന്മാര്‍
പത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന സ്വത്ത് വിവരങ്ങളാണ് പുറത്തുവരുന്നത്. കനകപുരയില്‍ നിന്ന് വീണ്ടും അങ്കത്തിനിറങ്ങിയിരിക്കുന്ന ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന് 618 കോടി രൂപയുടെ സ്വത്താണുള്ളത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. ഭാര്യ ഉഷക്ക് 112 കോടിയുടെയും മകള്‍ ഐശ്വര്യയുടെ പേരില്‍ 108 കോടിയുടെയും സ്വത്തുണ്ട്. 1.56 കോടിയുടെ ആഭരണങ്ങളും ശിവകുമാറിനുണ്ട്. ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പക്ക് രണ്ട് കോടി രൂപയുടെ സ്വത്തുണ്ട്. 12,33,313 രൂപയുടെ വരുമാനവുമുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 11.2 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭാര്യ പാര്‍വതിക്ക് 7.6 കോടി രൂപയുടെ സ്വത്തുണ്ട്. 11.4 ലക്ഷം രൂപയുടെ ആഭരണവും സിദ്ധരാമയ്യക്കുണ്ട്. രാമനഗര, ചന്നപട്ടണ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എച്ച് ഡി കുമാരസ്വാമിക്ക് 74 കോടി രൂപയുടെ സ്വത്താണുള്ളത്. 44 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. ഭാര്യ അനിതാകുമാരസ്വാമിക്ക് 1.08 കോടി രൂപയുടെ വരുമാനമുണ്ട്.
ശിവകുമാറിന്റെ ആസ്തിയില്‍ 188 ശതമാനത്തിന്റെയും ബി എസ് യെദ്യൂരപ്പയുടെ ആസ്തിയില്‍ 12 ശതമാനത്തിന്റെയും വര്‍ധനവാണുള്ളത്. 2013ലെ തിരഞ്ഞെടുപ്പില്‍ ശിവകുമാറിന്റെ ആസ്തി 253.55 കോടി രൂപയായിരുന്നു. ഇപ്പോള്‍ ഇത് 841.37 കോടി രൂപയാണ്. ബി എസ് യെദ്യൂരപ്പയുടെ ആസ്തി 6.54 കോടി രൂപയാണ്. ബെല്ലാരി ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ജനതാദള്‍- എസ് സ്ഥാനാര്‍ഥി മുഹമ്മദ് ഇക്ബാലിന്റെ ആസ്തി 380 കോടി രൂപയാണ്.

മായാവതി എത്തുന്നു
തിരഞ്ഞെടുപ്പില്‍ ദളിത്- പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ജനതാദള്‍- എസ്. ബി എസ് പി നേതാവ് മായാവതിയെ രംഗത്തിറക്കി പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരി മണ്ഡലത്തിലും മായാവതി പ്രചാരണത്തിനിറങ്ങും. ജെ ഡി എസുമായി സഖ്യമുണ്ടാക്കിയ ബി എസ് പി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. ദളിത് പിന്നാക്ക വോട്ടുകളാണ് കോണ്‍ഗ്രസിന്റെ ശക്തി. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ബി എസ് പിയുമായുള്ള സഖ്യത്തിന് കഴിയുമെന്നാണ് ജനതാദള്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. കര്‍ണാടക- ഹൈദരാബാദ് മേഖലയിലും തെക്കന്‍ ജില്ലകളിലും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഗ്രാമങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ ഇവരുടെ പിന്തുണ ആവശ്യമാണ്. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കായി 36 സീറ്റുകളാണ് സംവരണം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലങ്ങളില്‍ 26 എണ്ണത്തില്‍ കോണ്‍ഗ്രസും ഒമ്പതെണ്ണത്തില്‍ ബി ജെ പിയുമാണ് വിജയിച്ചത്. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് അഹിന്ദ സംഘടന രൂപവത്കരിച്ചത്.