അപ്രഖ്യാപിത ഹര്‍ത്താല്‍; സംഘ്പരിവാര്‍ ലക്ഷ്യമിട്ടത് കലാപം

Posted on: April 22, 2018 11:05 am | Last updated: April 22, 2018 at 10:49 pm

മലപ്പുറം: കേരളത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നടത്തിയ അജന്‍ഡയാണ് പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പുറത്തായത്. ഇതിനായി വളരെ ആസൂത്രിതമായ ശ്രമങ്ങളാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ പേരുകളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും മറ്റു ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ പേരില്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പുകളുണ്ടാക്കി അക്രമത്തിന് കോപ്പുകൂട്ടുകയാണുണ്ടായതെന്നും വ്യക്തമാണ്.
അറസ്റ്റിലായവരെല്ലാം ആര്‍ എസ് എസ്, ബി ജെ പി, ബജ്‌രംഗ്ദള്‍ ബന്ധമുള്ളവരാണ്. ഇവര്‍ക്കെല്ലാം 25 വയസ്സിന് താഴെ മാത്രമാണ് പ്രായമുള്ളത്. മുഖ്യപ്രതി കൊല്ലം സ്വദേശിയായ അമര്‍നാഥ് ആര്‍ എസ് എസ് മുന്‍ പ്രവര്‍ത്തകനായിരുന്നു. ഇയാളാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതും മറ്റുള്ളവരെ ചേര്‍ത്ത് ഗ്രൂപ്പുകള്‍ തുടങ്ങിയതും. പതിനൊന്ന് സൂപ്പര്‍ അഡ്മിന്‍മാരാണ് ഗ്രൂപ്പുകള്‍ക്കുണ്ടായിരുന്നത്. ഹര്‍ത്താലിന് ശേഷവും ഇവര്‍ കലാപത്തിന് ആഹ്വാനം ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ രണ്ട് ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതിനായി 20 പോലീസുകാരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഈ പരിശോധനയിലാണ് അന്വേഷണം ഈ രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചെന്നെത്തുന്നത്. ഇതിന്റെ അഡ്മിന്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പോലീസ് ആദ്യം ചെയ്തത്. തുടര്‍ന്ന് ശാസ്ത്രീയമായ പരിശോധനകള്‍ക്കും അന്വേഷണത്തിനും ശേഷമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അമര്‍നാഥിന്റെ ആശയമായിരുന്നു ഹര്‍ത്താല്‍ നടത്തുക എന്നത്. കാശ്മീര്‍ പെണ്‍കുട്ടിയുടെ കൊലപതാകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങാന്‍ പാടില്ലെന്നും തെരുവിലിറങ്ങണമെന്നും ഇയാള്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്തു. അമര്‍നാഥിന്റെ പിതാവ് ബൈജുവും ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസം കാരണം ആര്‍ എസ് എസ് വിട്ട് ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായിരുന്നു. ആര്‍ എസ് എസിന് തീവ്രത പോരെന്ന നിലപാടായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് അഭിപ്രായഭിന്നത രൂക്ഷമാകുകയും ആര്‍ എസ് എസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാശ്മീരില്‍ കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പുറംലോകമറിയുന്നത്. ഇത് ആര്‍ എസ് എസിനെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റുകയായിരുന്നു ഇയാള്‍. ഇതിന് വേണ്ടിയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതും പതിനാറാം തീയതി ഹര്‍ത്താല്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതും. ഗ്രൂപ്പുകളില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടതോടെ സന്ദേശം അതിവേഗം മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയും ചെയ്തു. ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ, ഇതിന് പിന്നിലെ താത്പര്യങ്ങളോ അന്വേഷിക്കാതെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗമാളുകള്‍ നിരത്തിലിറങ്ങുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞും റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമെല്ലാം ഹര്‍ത്താല്‍ കൊഴുപ്പിച്ചതോടെ പലയിടത്തും അക്രമം അരങ്ങേറി. പോലീസിന് നേരെ അക്രമം അഴിച്ചുവിടുകയും കെ എസ് ആര്‍ ടി സി ബസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് തന്നെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതും.

ഹര്‍ത്താല്‍ കഴിഞ്ഞിട്ടും ഗ്രൂപ്പുകളില്‍ നിരന്തരം വര്‍ഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ അമര്‍നാഥ് പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രമാണ് ഹര്‍ത്താല്‍ കാര്യമായി വിജയം നേടിയതെന്ന് ഇവര്‍ പറയുന്ന ശബ്ദസന്ദേശങ്ങളും ഗ്രൂപ്പുകളില്‍ പുറത്തുവിട്ടിരുന്നു. ഇത് പോലീസ് മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു. എന്നാല്‍ അക്രമം വ്യാപിക്കാതെ പോലീസ് അടിച്ചമര്‍ത്തിയതാണ് വലിയൊരു വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങാമായിരുന്ന സംഭവങ്ങള്‍ക്ക് തടയിട്ടത്.