കത്വ കുരുതി: ക്ഷേത്രത്തിനുള്ളില്‍ കണ്ടെത്തിയ മുടിയും രക്തവും പ്രതികളുടേത് തന്നെ

Posted on: April 21, 2018 11:24 am | Last updated: April 21, 2018 at 2:57 pm
SHARE

ജമ്മു കശ്മീര്‍: കത്വയില്‍ എട്ട് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ചത് തലമുടി പെണ്‍കുട്ടിയൂടേതാണെന്ന് സ്ഥിരീകരിച്ചു. പ്രതികളുടെ മുടിയും ക്ഷേത്രത്തിനുള്ളില്‍നിന്ന് ലഭിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിള്‍ ഒരു പ്രതിയുടേതാണ്. 14 വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയോടെയാണ് പ്രതികളുടെ ശക്തമായ പങ്ക് വ്യക്തമായത്. ഇതോടെ എട്ടുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഉറപ്പായി.

കത്വ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 സാക്ഷികളെയും അന്വേഷണ തെളിവുകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. ബഖര്‍വാല്‍ മുസ്‌ലിംകള്‍ പശുവിനെ കൊല്ലാറുണ്ടെന്ന കള്ള ന്യായമാണ് കുറ്റപത്രത്തിലുള്ളത്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍ (ജുവനൈല്‍), സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ട് പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. രസാന ഗ്രാമത്തില്‍ കുതിര മേക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം മൃതദേഹം ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ കൊണ്ടിട്ടു. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലക്കടിച്ചു കൊന്നത്.

കൊലപാതകത്തിന് മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്ന് വിളിച്ചു വരുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. ബഖര്‍വാല്‍ മുസ്‌ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രസാന ഗ്രാമത്തിലെ ദേവസ്ഥാനി (ചെറിയ ക്ഷേത്രം)ന്റെ മേല്‍നോട്ടക്കാരായ സഞ്ജി റാം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് മുതല്‍ കൊലപാതകം വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നല്‍കി.
ജനുവരി ആദ്യവാരത്തില്‍ ഗൂഢാലോചന നടത്തിയ റാം മരുമകനും സ്‌പെഷ്യല്‍ പോലീസ് ഓഫീസറുമായ ദീപക് ഖജൂരിയയുമായി ബന്ധപ്പെട്ടു. കൗമാരക്കാരനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയത്. ബാക്കി പദ്ധതി നടപ്പാക്കിയത് സഞ്ജി റാമും ഖജൂരിയ, അടുത്ത സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരുന്ന് നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഒളിപ്പിച്ചാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്.

പീഡനത്തിനു ശേഷം കൊലപ്പെടുത്താന്‍ സഞ്ജി റാം കൗമാരക്കാരനോടാണ് നിര്‍ദേശിച്ചത്. വിശാല്‍, മറ്റൊരു പ്രതി മന്നു എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ദേവസ്ഥാനത്തു നിന്ന് സമീപത്തെ ഓവുചാലില്‍ കൊണ്ടുവന്നാണ് കൊല ചെയ്തത്. സ്ഥലത്തെത്തിയ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ കൊലപ്പെടുത്തുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here