യു എസിന് പിറകെ ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ റുമാനിയ

തന്നോട് ചര്‍ച്ച ചെയ്യുകയോ വിവരം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ്
Posted on: April 21, 2018 6:14 am | Last updated: April 21, 2018 at 12:19 am

ജറൂസലം: ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു എസ് നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ റുമാനിയയും സമാന നീക്കത്തിനൊരുങ്ങുന്നു. തെല്‍അവീവില്‍ നിന്ന് ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലമായി അംഗീകരിക്കുന്ന മെമ്മോറാണ്ടത്തിന് റുമാനിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. റുമാനിയയിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് ലിവ്യൂ ഡ്രാഗ്ന്യയാണ് ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ് തീരുമാനത്തിന് അംഗീകാരം നല്‍കുകയാണെങ്കില്‍ അമേരിക്കക്ക് ശേഷം ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാകും റുമാനിയ. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ഫലസ്തീനിന്റെ ഭാവി തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന നഗരമാണ് കിഴക്കന്‍ ജറൂസലം. അറബ് സഖ്യരാജ്യങ്ങള്‍ അമേരിക്കയുടെ ഈ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

റുമാനിയന്‍ നിയമം അനുസരിച്ച് ഈ നീക്കത്തിന് പ്രസിഡന്റിന്റെ അനുമതി അനിവാര്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് റുമാനിയന്‍ സര്‍ക്കാറോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഇത്തരമൊരു വിഷയത്തെ കുറിച്ച് തന്നോട് ചര്‍ച്ച ചെയ്യുകയോ വിവരം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് ലോഹാനിസ് പറഞ്ഞു. അന്താരാഷ്ട്ര പോളിസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും ഉത്തരവാദിത്വബോധത്തോടെയും മാത്രമേ പ്രതികരിക്കാവൂ എന്ന് അദ്ദേഹം എല്ലാ രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.