നാല് ഫലസ്തീനികള്‍ വെടിയേറ്റ് മരിച്ചു

  • ഗാസയില്‍ ഭൂമി തിരിച്ചുപിടിക്കല്‍ സമരം തുടരുന്നു
  • ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീനികളുടെ എണ്ണം 39 ആയി
Posted on: April 21, 2018 6:12 am | Last updated: April 21, 2018 at 12:20 am
തുടര്‍ച്ചയായി നാലാമത്തെ വെള്ളിയാഴ്ചയും ഭൂമിതിരിച്ചുപിടിക്കല്‍ സമരത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍, ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ പറത്തിവിടാനുള്ള സന്ദേശമെഴുതിയ പട്ടവുമായി നീങ്ങുന്നു

ഗാസ സിറ്റി: ഫലസ്തീന്‍ ഭൂമി ഉപേക്ഷിച്ചുപോയവര്‍ക്ക് തിരിച്ചുവരാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഫലസ്തീനില്‍ തുടര്‍ച്ചയായ നാലാമത്തെ വെള്ളിയാഴ്ചയും പ്രക്ഷോഭം അരങ്ങേറി. പ്രക്ഷോഭകര്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഫലസ്തീനികള്‍ മരിച്ചു. ഇതോടെ കഴിഞ്ഞ മാസം 30ന് ആരംഭിച്ച പ്രക്ഷോഭത്തിനിടെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീനികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ നടന്ന നിലക്കാത്ത പോരാട്ടം പോലെയാണ് നഷ്ടഭൂമി തിരിച്ചുപിടിക്കാന്‍ ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന സംഘത്തിലെ നേതാവ് അസാദ് അബു ശരീക് പറഞ്ഞു. ഫലസ്തീനികളെല്ലാവരും തുടര്‍ച്ചയായി പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. നിലക്കാത്ത പോരാട്ടവീര്യം കൊണ്ട് മാത്രമേ ഭൂമി തിരിച്ചുപിടിക്കാനാകൂ എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ലോകമനസ്സാക്ഷിയൊന്നടങ്കം ഇപ്പോള്‍ ഫലസ്തീനികള്‍ക്കൊപ്പമാണ്. ഫലസ്തീനികള്‍ക്ക് ഭൂമി തിരിച്ചുനല്‍കല്‍ അനിവാര്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ഇന്നലെയും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു. ഇസ്‌റാഈല്‍ സൈന്യം ഇവരെ കണ്ണീര്‍വാതകവും മറ്റും ഉപയോഗിച്ച് നേരിട്ടു. ഫലസ്തീനികള്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടി അന്താരാഷ്ട്ര സമൂഹത്തിന്റെ നിശിത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.