ആഴ്‌സണലിനോട് വിട ചൊല്ലി വെംഗര്‍

Posted on: April 21, 2018 6:02 am | Last updated: April 20, 2018 at 11:59 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്ത് 22 വര്‍ഷം തുടര്‍ന്ന ആര്‍സെന്‍ വെംഗര്‍ സീസണോടെ പടിയിറങ്ങുന്നു. പ്രീമിയര്‍ ലീഗിലെ ഇതിഹാസ പരിശീലകരില്‍ ഒരാളായ വെംഗര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെയാണ് വെംഗര്‍ സീസണ്‍ അവസാനിക്കുന്നതോടെ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ആഴ്‌സണലിനെ മൂന്ന് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി വെംഗര്‍ ഏഴ് എഫ് എ കപ്പുകള്‍ നേടിക്കൊടുത്തു. 1998, 2002 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടി ആഴ്‌സണല്‍ വെട്ടിത്തിളങ്ങിയത് പരിശീലകന്‍ എന്ന നിലയില്‍ വെംഗറുടെ കരിയറിന്റെ ഔന്നത്യമായിരുന്നു.

ഒരിക്കല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ആഴ്‌സണലിനെ എത്തിച്ചതും വെംഗറുടെ പരിശീലക മികവായി.

കഴിഞ്ഞ സീസണില്‍ തന്നെ വെംഗറെ പുറത്താക്കാന്‍ ക്ലബ്ബ് ആരാധകര്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍, ക്ലബ്ബ് മാനേജ്‌മെന്റ് വെംഗര്‍ക്കൊപ്പം നിന്നു. കകരാര്‍ പുതുക്കി നല്‍കി. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ നടപ്പ് സീസണില്‍ ആഴ്‌സണല്‍ ആറാം സ്ഥാനത്താണുള്ളത്. ആകെയുള്ള പ്രതീക്ഷ യൂറോപ ലീഗ് കിരീടത്തിലാണ്. സെമിയിലെത്തിയിട്ടുണ്ട് വെംഗറുടെ ടീം. ജേതാക്കളായാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാം എന്ന സാധ്യത മുന്നിലുണ്ടെങ്കിലും വെംഗര്‍ ആഴ്‌സണലില്‍ ഇനിയും തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആഴ്‌സണലില്‍ ദീര്‍ഘകാലം തുടരാന്‍ സാധിച്ചത് മഹാഭാഗ്യമാണ്. ഇക്കാലമത്രയും ഏറെ സ്‌നേഹം നല്‍കിയ മാനേജ്‌മെന്റിനും ക്ലബ്ബ് ആരാധകര്‍ക്കും മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നു. ഈ ക്ലബ്ബിന്റെ മഹത്വം വരും നാളുകളിലും നിലനില്‍ക്കും – വെംഗര്‍ പറഞ്ഞു.

ആഴ്‌സണലിന്റെ ഉടമയായ സ്റ്റാന്‍ ക്രോങ്കെ ആര്‍സെന്‍ വെംഗറുടെ സേവനങ്ങളെ നന്ദിയോടെ സ്മരിച്ചു. ക്ലബ്ബിനെ ഗ്രൗണ്ടിന് പുറത്തേക്കും വളര്‍ത്തിയെന്നതാണ് വെംഗറുടെ പ്രത്യേകത. അദ്ദേഹം ഈ ക്ലബ്ബിന്റെ ചരിത്ര പുരുഷനാണ്. ഏറെ സ്ഥിരതയുള്ള ഫുട്‌ബോള്‍ കാഴ്ച വെക്കാന്‍ വെംഗര്‍ക്ക് കീഴില്‍ ആഴ്‌സണലിന് സാധിച്ചുവെന്നും ക്രോങ്കെ അഭിപ്രായപ്പെട്ടു.

1996 ഒക്ടോബര്‍ ഒന്നിനാണ് ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലിന്റെ കോച്ചായെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ 823 മത്സരങ്ങളില്‍ ആഴ്‌സണലിനൊപ്പം തുടര്‍ന്ന വെംഗറാണ് ഏറ്റവും കൂടുതല്‍ കാലം പ്രീമിയര്‍ ലീഗ് പരിശീലകനായിരുന്ന വ്യക്തി.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് 2-1ന് തോറ്റത് വെംഗറുടെ ഏറ്റവും മോശം പ്രകടനമായി മാറി. സീസണില്‍ ആഴ്‌സണലിന്റെ പതിനൊന്നാമത്തെ തോല്‍വി. ഇംഗ്ലണ്ട് ക്ലബ്ബിനൊപ്പം ചേര്‍ന്നതിന് ശേഷം വെംഗര്‍ രണ്ടാം തവണയാണ് സീസണില്‍ പതിനൊന്ന് തോല്‍വി വഴങ്ങുന്നത്. ഒന്നാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 33 പോയിന്റ് പിറകിലാണിപ്പോള്‍ ആഴ്‌സണല്‍.
വെംഗര്‍ കോച്ചായതിന് ശേഷം ആഴ്‌സണല്‍ ആദ്യമായി പ്രീമിയര്‍ ലീഗ് ടേബിളില്‍ ആദ്യ നാലില്‍ നിന്ന് പുറത്താകുന്നത് കഴിഞ്ഞ സീസണിലായിരുന്നു. ഇത്തവണയും സ്ഥിതി മറിച്ചല്ല. നാലാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറുമായി 14 പോയിന്റ് വ്യത്യാസം. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഇനി കളിക്കാനുള്ളത്.

യൂറോപ ലീഗയില്‍ ആഴ്‌സണല്‍ സെമിയിലെത്തിയത് മാത്രമാണ് ആശ്വാസം. സ്പാനിഷ് ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് സെമി എതിരാളി. യൂറോപ ലീഗ് ചാമ്പ്യന്‍മാരായാല്‍ വെംഗര്‍ക്ക് ആദ്യമായി യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിടാം.